
തിരുവനന്തപുരം: മൂന്നാംമൂട് ആയിരവല്ലി തമ്പുരാൻ ക്ഷേത്രത്തിന്റെ മേലക്കടവിൽ മീൻപിടിക്കാനെത്തിയ വിദ്യാർത്ഥികളിൽ രണ്ടുപേരെ ഒഴുക്കിൽപ്പെട്ട് കാണാതായി. ഇന്നലെ വൈകിട്ട് അഞ്ചോടെയാണ് സംഭവം. പാപ്പാട് ഗാത്‌സമൻ വീട്ടിൽ ജയരാജ് - മഞ്ജു ദമ്പതികളുടെ മൂത്തമകനും പട്ടം സെന്റ് മേരീസ് സ്‌കൂൾ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയുമായ ജിബിത്ത് (14), മൂന്നാമൂട് വാവുവിള ദയാഭവനിൽ വാടകയ്‌ക്ക് താമസിക്കുന്ന പരേതനായ രാജീവ് - അനീഷ ദമ്പതികളുടെ മകനും പട്ടം സെന്റ് മേരീസ് സ്‌കൂളിലെ ആറാംക്ലാസ് വിദ്യാർത്ഥിയുമായ നിരഞ്ജൻ (12) എന്നിവരെയാണ് കാണാതായത്.
ചെങ്കൽച്ചൂളയിൽ നിന്നെത്തിയ ഫയർഫോഴ്സ് - സ്‌കൂബ ടീമംഗങ്ങൾ മൂന്ന് മണിക്കൂറോളം തെരച്ചിൽ നടത്തിയെങ്കിലും കുട്ടികളെ കണ്ടെത്താനായില്ല. വെളിച്ചക്കുറവും വെള്ളം കലങ്ങിയെത്തുന്നതും അടിയൊഴുക്കും വെല്ലുവിളിയായതോടെ രാത്രി 8.30ഓടെ തെരച്ചിൽ അവസാനിപ്പിച്ചു. ഇന്ന് രാവിലെ ആറോടെ തെരച്ചിൽ പുനരാരംഭിക്കുമെന്നും ഫയർഫോഴ്സ് സംഘം അറിയിച്ചു. ജിബിത്തിന്റെ സഹോദരൻ ജയജിത്തിനും അഭിജിത്തെന്ന സുഹൃത്തിനുമൊപ്പം വൈകിട്ട് നാലോടെയാണ് ഇവർ മേലക്കടവിലെത്തിയതെന്നാണ് സൂചന.
ഇരുവരും മിൻപിടിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ടെന്നാണ് പൊലീസ് നൽകുന്ന വിവരം. കുട്ടികൾ മുങ്ങിത്താഴുന്നതുകണ്ട മറ്റു രണ്ടുപേരും നിലവിളിച്ച് നാട്ടുകാരെ വിവരം ധരിപ്പിക്കുകയായിരുന്നു. തുടർന്നാണ് പൊലീസ് - ഫയർഫോഴ്‌സ് സംഘങ്ങളെത്തിയത്. എ.സി.പി പൃഥ്വിരാജ് അടക്കമുള്ള ഉദ്യോഗസ്ഥർ അപകട സ്ഥലം സന്ദർശിച്ചു.
പാറക്കെട്ടും
അടിയൊഴുക്കും
തെരച്ചിലിന് പാറക്കെട്ടും അടിയൊഴുക്കും കനത്ത വെല്ലുവിളി സൃഷ്ടിച്ചെന്ന് ഫയർഫോഴ്‌സ് ഓഫീസർ നിതിൻ പറഞ്ഞു. കുട്ടികൾ വെള്ളത്തിലിറങ്ങി മീൻപിടിക്കുന്നതിനിടയോ പാറക്കെട്ടിൽ നിന്ന് തെന്നി വീണോ ആകാം ഒഴുക്കിൽപ്പെട്ടതെന്നാണ് സംശയം. ആഴക്കൂടുതലും പാറയിടുക്കുകളിലെ ചുഴിയും കടവിലെ അപകടസാദ്ധ്യത കൂട്ടുന്നു.