തിരുവനന്തപുരം: 'എന്റെ പൊന്നു മോനേ.. ഞാനിതെങ്ങനെ സഹിക്കും ടീച്ചറേ...' മഞ്ജുവിന്റെ അലറിക്കരച്ചിലിന് മുന്നിൽ എങ്ങനെ ആശ്വസിപ്പിക്കണമെന്നറിയാതെ ഉഴലുകയായിരുന്നു സഹപ്രവർത്തകരായ അദ്ധ്യാപകർ. ശനിയാഴ്ച വൈകിട്ടാണ് പാപ്പാട് ഗാത്സമനിൽ ജയരാജിന്റെയും മഞ്ജുവിന്റെയും മകൻ ജിബിത്ത് മാത്തും (14), സഹോദരൻ ജയജിത്തും, മൂന്നാംമൂട് വാവുവിള ദയാഭവനിൽ പരേതനായ രാജീവ്-അനീഷ ദമ്പതികളുടെ മകൻ നിരഞ്ജനും അടങ്ങിയ നാലംഗ സംഘം മൂന്നാംമൂട് ആയിരവല്ലി തമ്പുരാൻ ക്ഷേത്രത്തിന്റെ മേലെക്കടവിൽ മീൻ പിടിക്കുന്നതിനായി പോയത്. ജിബിത്തും നിരഞ്ജനും ഒഴുക്കിൽപ്പെടുകയായിരുന്നു. ഉച്ചഭക്ഷണം കഴിഞ്ഞ് ചേട്ടനും അനിയനും മുറിയിലിരിക്കുന്നതു കണ്ട് ട്യൂഷന് പോകണമെന്ന് പറഞ്ഞശേഷം കോഴിക്ക് തീറ്റ കൊടുക്കാൻ പോയതായിരുന്നു മഞ്ചംപാറ എൽ.പി സ്കൂൾ അദ്ധ്യാപികയായ മഞ്ജു. പിന്നെ കേൾക്കുന്നത് മൂത്തമകൻ ജിബിയെന്ന ജിബിത്തിനെ ആറ്റിൽ കാണാതായ വാർത്തയാണ്. അപ്പോൾ മുതൽ കുഞ്ഞിനൊന്നും വരുത്തരുതേയെന്ന് മനമുരുകി പ്രാർത്ഥിക്കുകയായിരുന്ന മഞ്ജു. ഭർത്താവ് ജയരാജ് ആണ് മകന്റെ മരണവിവരം അറിയിച്ചത്. ഇന്നലെ രാവിലെ 10ഓടെയാണ് പട്ടം സെന്റ് മേരീസ് ഹയർസെക്കൻഡറി സ്കൂളിലെ ഒൻപതാം ക്ളാസ് വിദ്യാർത്ഥിയായ ജിബിത്തിന്റെ മൃതദേഹം കണ്ടെത്തിയത്. സഹോദരൻ ജെറിയെന്ന ജയജിത്ത് എ.ആർ.ആർ പബ്ളിക് സ്കൂളിലെ ഏഴാംക്ളാസ് വിദ്യാർത്ഥിയാണ്.
കൂട്ടുകാർക്കൊപ്പം മീൻപിടിക്കാനും കുളിക്കാനുമായി ആറ്റിലേക്ക് പോയപ്പോൾ ജിബിത്ത് ജെറിയെയും ഒപ്പം കൂട്ടിയിരുന്നു. ചേട്ടൻ മുങ്ങുന്നത് കണ്ട് ജെറി നിലവിളിച്ചെങ്കിലും രക്ഷിക്കാനായില്ല. എന്നും ഒപ്പമുണ്ടായിരുന്ന ചേട്ടൻ നഷ്ടപ്പെട്ട ഷോക്കിലാണ് ജെറി. അച്ഛൻ ജയരാജ് റിട്ട.ബി.എസ്.എഫ് ജീവനക്കാരനാണ്. എന്ത് കാര്യത്തിനും മുന്നിട്ടിറങ്ങുന്ന ജിബിയെക്കുറിച്ച് എല്ലാവർക്കും നല്ലത് മാത്രമേ പറയാനുള്ളൂ. ഇക്കഴിഞ്ഞ ഓണത്തിന് അമ്മയുടെ സ്കൂളിലെ ഓണപ്പരിപാടികൾക്കെത്തിയ ജിബി സദ്യ വിളമ്പാനും കളികളിൽ പങ്കെടുക്കാനുമൊക്കെ മുന്നിൽ തന്നെയുണ്ടായിരുന്നെന്ന് സ്കൂൾ അദ്ധ്യാപകർ ഓർക്കുന്നു. പോസ്റ്റുമോർട്ടം കഴിഞ്ഞ് വൈകിട്ട് വീട്ടിലെത്തിച്ച മൃതദേഹത്തിൽ അന്തിമോപചാരം അർപ്പിക്കാൻ സഹപാഠികളടക്കം നിരവധി പേരാണ് എത്തിയത്. പാറ്റൂർ പള്ളിയിൽ സംസ്കാരം നടന്നു.
അനീഷ കാത്തിരിക്കുന്നു, ഉണ്ണിക്കുട്ടനെ...
എട്ട് വർഷം മുൻപ് വട്ടിയൂർക്കാവിന് സമീപത്തെ നീന്തൽക്കുളത്തിൽ മുങ്ങിമരിക്കുകയായിരുന്നു ഡ്രൈവറായ രാജീവ്. അന്ന് അനീഷയെ ജീവിക്കാൻ പ്രേരിപ്പിച്ചത് മക്കളായ ഉണ്ണിക്കുട്ടനെന്ന നിരഞ്ജന്റെയും നന്ദിനിയുടെയും മുഖങ്ങളാണ്. ഭർത്താവിന്റെ വിധി തന്നെ മകനും ഉണ്ടാകരുതേയെന്ന പ്രാർത്ഥനയിലാണ് അനീഷ. ശാസ്തമംഗലത്തെ ടെക്സ്‌റ്റെൽ ഷോപ്പിൽ സെയിൻസ് ഗേളായി ജോലി നോക്കുന്ന അനീഷ മക്കളുടെ ആവശ്യങ്ങളെല്ലാം തന്നാൽ കഴിയുംവിധം നിറവേറ്റിയിരുന്നു. അനീഷയ്ക്ക് പിന്തുണയായി ഓട്ടോഡ്രൈവറായ അച്ഛൻ മണിയനും കുലശേഖരത്തെ അങ്കണവാടി ടീച്ചറായ അമ്മ പുഷ്പലതയും ഒപ്പമുണ്ട്. നാലു മാസം മുൻപാണ് അനീഷയും കുടുംബവും മൂന്നാംമൂട് വാവുവിള ദയാഭവനിൽ വാടകയ്ക്കെത്തിയത്. അമ്മമ്മയായ പുഷ്പലത അങ്കണവാടിയിൽ നിന്ന് മടങ്ങി എത്തുന്നതിന് അഞ്ച് മിനിട്ട് മുൻപാണ് നിരഞ്ജൻ കൂട്ടുകാർക്കൊപ്പം ആറ്റിലേക്ക് മീൻ പിടിക്കാനായി പോയത്. രണ്ടാം ദിനവും തെരച്ചിൽ പൂർത്തിയാക്കിയിട്ടും നിരഞ്ജനെ കണ്ടെത്താനായില്ല. മലമുകൾ ഷെൻഷാന്തർ സ്കൂളിലെ നാലാം ക്ളാസുകാരിയായ അനുജത്തിയോട് ഇപ്പോ വരാമെന്ന് പറഞ്ഞായിരുന്നു നിരഞ്ജൻ പോയത്. വൈകിട്ടോടെയാണ് മകനെ കാണാനില്ലെന്ന വാർത്ത അനീഷയെ തേടിയെത്തുന്നത്. മകൻ മടങ്ങിയെത്തുമെന്ന പ്രതീക്ഷയിൽ അനീഷ കാത്തിരിക്കുകയാണ്.