
വക്കം: വക്കം മങ്കുഴി മാർക്കറ്റിൽ രണ്ട് വർഷം മുമ്പ് പ്രവർത്തനമാരംഭിച്ച എയ്റോബിക് കംപോസ്റ്റ് യൂണിറ്റിന്റെ പ്രവർത്തനം പാതി വഴിയിൽ. മാലിന്യ സംസ്ക്കരണത്തിന് പേരുകേട്ട തൂമ്പൂർ മൂഴി പദ്ധതിയാണ് മൂന്നര ലക്ഷം രൂപ ചെലവഴിച്ച് വക്കത്ത് സ്ഥാപിച്ചത്. ഹരിത കർമ്മസേന ശേഖരിക്കുന്ന മാലിന്യങ്ങൾ ജൈവവും അജൈവവുമായി തിരിച്ച് അജൈവ മാലിന്യങ്ങൾ വാർഡുകളിൽ സ്ഥാപിച്ചിരിക്കുന്ന എം.സി.എഫുകളിലും ജൈവ മാലിന്യങ്ങൾ മാലിന്യ സംസ്ക്കരണ കേന്ദ്രത്തിലും എത്തിക്കാനാണ് പദ്ധതിയിട്ടത്. ഇതിന് പുറമേ ഹോട്ടലുകളിൽ നിന്നുള്ള മാലിന്യങ്ങളും ശേഖരിച്ച് മാലിന്യ പ്ലാന്റുകളിൽ എത്തിക്കും. ഒന്നര മാസത്തിനുള്ളിൽ ഇത് ഗുണമേന്മയുള്ള കമ്പോസ്റ്റോക്കുന്ന രീതിയിലാണ് നാല് ഡെസ്റ്റ് ബിന്നുകൾ ക്രമീകരിച്ചിരിക്കുന്നത്. ഇവിടെ തയാറാക്കുന്ന കമ്പോസ്റ്റ് വളം ജൈവകർഷകർക്ക് സബ്സിഡി നിരക്കിൽ വിൽക്കാനും പദ്ധതിയുണ്ടായിരുന്നു. ഇതുവഴി ഹരിത കർമ്മ സേനയ്ക്ക് നല്ല വരുമാനവും പ്രതീക്ഷിച്ചു. ആദ്യ ഘട്ടത്തിൽ കമ്പോസ്റ്റ് കുഴിയിൽ ഇട്ട സാധനങ്ങൾ പോലും പരിപാലിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് നാട്ടുകാർ പറഞ്ഞു.
ആദ്യ ഘട്ടത്തിൽ ജൈവ മാലിന്യങ്ങൾ ശേഖരിക്കാൻ ശ്രമിച്ചെങ്കിലും പിന്നീട് അതുണ്ടായില്ല. തുടർന്ന് അജൈവ മാലിന്യങ്ങൾ മാത്രം ശേഖരിക്കലായതാണ് കമ്പോസ്റ്റ് യൂണിറ്റിന്റെ പ്രവർത്തനം അവതാളത്തിലായത്. സംസ്ഥാന ഹരിത കേരള മിഷനും, ശുചിത്വ മിഷനും, വക്കം ഗ്രാമ പഞ്ചായത്തും സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്. 14 വാർഡുകളിൽ നിന്നുള്ള അജൈവ മാലിന്യങ്ങൾ നിലയ്ക്കാമുക്കിലെ പ്രധാന സംഭരണകേന്ദ്രത്തിൽ എത്തിക്കുകയും, അവിടെനിന്ന് ഇവ കേരളാ മിഷന് കൈമാറുകയുമാണ് പതിവ്. ജൈവ മാലിന്യങ്ങൾ വീടുകളിൽ ഉപേക്ഷിച്ചതോടെ മാലിന്യ സംസ്ക്കരണ പദ്ധതിയുടെ പ്രവർത്തനം തന്നെ നിശ്ചലമാക്കി. മങ്കുഴി മാർക്കറ്റിൽ സംസ്ക്കരണ കേന്ദ്രത്തിന് സമീപം ബയോഗ്യാസ് പ്ലാന്റും സജ്ഞമാക്കിയിട്ടുണ്ട്.