കാട്ടാക്കട: മൾട്ടിപർപ്പസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പേരിൽ നടന്ന തട്ടിപ്പിലൂടെ സഹകാരികൾക്ക് നഷ്ടമായത് ലക്ഷങ്ങൾ.ഇതു സംബന്ധിച്ച് നിരവധി പേർ കാട്ടാക്കട പൊലീസിൽ പരാതി നൽകി. കോ -ഓപ്പറേറ്റീവ് ഓംബുഡ്സ്മാനും ഉൾപ്പെടെയാണ് പരാതി നൽകിയിട്ടുള്ളത്.ജോലി വാഗ്ദാനം ചെയ്തും ഡിപ്പോസിറ്റായി സ്വീകരിച്ചുമാണ് തട്ടിപ്പുകൾ നടത്തിയിരിക്കുന്നതെന്ന് പരാതിയിലുണ്ട്.ആര്യങ്കോട് ഗ്രാമപഞ്ചായത്തംഗമായിരുന്ന ആളാണ് കാട്ടാക്കട മൾട്ടിപർപ്പസ് കോപ്പറേറ്റീവ് സൊസൈറ്റി എന്ന പേരിൽ സ്ഥാപനം തുടങ്ങിയത്.ഫിക്സഡ് ഡിപ്പോസിറ്റ് ചെയ്തവർക്ക് വർഷങ്ങളായി പലിശയോ, ഇപ്പോൾ മുതലോ നൽകാതെ കബളിപ്പിച്ചിരിക്കുന്നത്.കാട്ടാക്കടയിൽ തന്നെ നാലിടങ്ങളിലാണ് ബാങ്ക് പ്രവർത്തിപ്പിച്ചിരുന്നത്.ആളുകളെ അംഗത്വമെടുപ്പിച്ച ശേഷം ജോലി വാഗ്ദാനം ചെയ്തും ഡിപ്പോസിറ്റിന്റെ കാര്യംപറഞ്ഞ് പ്രലോഭിപ്പിച്ചുമാണ് പറ്റിച്ചിരിക്കുന്നത്.
ആളുകൾ അന്വേഷണം തുടങ്ങിയതോടെ സൊസൈറ്റിയെ കാട്ടാക്കടയിൽ പല ഭാഗത്തായി മാറ്റിമാറ്റി പ്രവർത്തിപ്പിച്ചു.അവസാനമായി ക്രിസ്ത്യൻ കോളേജിന് സമീപമാണ് സ്ഥാപനം പ്രവർത്തിച്ചിരുന്നത്. ഇപ്പോൾ ഇതുംപൂട്ടി. ഇതിനിടെ ബാങ്ക് നടത്തിപ്പുകാരെ പൊലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തി ഒത്തുതീർപ്പിന് ശ്രമിക്കുകയും ചെയ്തിരുന്നു. തുക നൽകാമെന്ന് സ്റ്റേഷനിൽ എഴുതി വച്ചിട്ടുപോയെങ്കിലും ഒന്നും നടന്നില്ല. കാട്ടാക്കടയിൽ ഇത്തരത്തിൽ നിരവധി സ്ഥാപനങ്ങൾ പ്രവർത്തനമാരംഭിക്കുകയും ഒടുവിൽ നാട്ടുകാരുടെ പണവുമായി മുങ്ങുകയും ചെയ്തിട്ടുണ്ട്. അനന്തപുരി തക്ഷശില ആപ്പിൾ പൊന്നൂസ് തുടങ്ങി 12 സ്ഥാപനങ്ങളാണ് കാട്ടാക്കട താലൂക്കിൽ മാത്രം പ്രവർത്തനമാരംഭിക്കുകയും മുങ്ങുകയും ചെയ്തത്. തട്ടിപ്പുകാരനെ
കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.കുറഞ്ഞ ശമ്പളം പതിനായിരം രൂപ പറഞ്ഞാണ് പലരിൽ നിന്നും തുക വാങ്ങിയിട്ടുള്ളത്.കൂടാതെ 2 ലക്ഷം രൂപ റവന്യൂ സ്റ്റാമ്പിൽ ഒപ്പിട്ട് വാങ്ങി ബോർഡ് അംഗങ്ങൾക്ക് നൽകാനെന്നു പറഞ്ഞ് നാല് ലക്ഷത്തോളം രൂപയും ഇവർ വാങ്ങിയതായി പരാതിക്കാരനിലൊരാളായ ജസ്റ്റിൻ പറയുന്നു.