
തിരുവനന്തപുരം: കഴക്കൂട്ടം കിൻഫ്ര പാർക്ക് മാജിക് പ്ളാനറ്റിലെ സിംഫോണിയ, ആർട്ടീരിയ വേദികളുടെ ഉദ്ഘാടനം നടന്നു. ആർട്ട് സെന്ററിലെ ഭിന്നശേഷികുട്ടികൾ സംഗീത സംവിധായകൻ ഔസേപ്പച്ചൻ ഈണം നൽകിയ അനശ്വരഗാനങ്ങൾ ആലപിച്ചു.
വയലിനിൽ മാസ്മര സംഗീതം തീർത്ത് ഔസേപ്പച്ചനും കുട്ടികൾക്കൊപ്പം ചേർന്നു. ഭിന്നശേഷിക്കുട്ടികൾക്ക് ഫ്യൂഷൻ മ്യൂസിക് അവതരിപ്പിക്കുന്നതിനും പ്രകൃതിയെ കണ്ട് ചിത്രരചന നടത്തുന്നതിനുമായാണ് നിഹാൽസ്, പ്രാർത്ഥന ഫൗണ്ടേഷൻ എന്നിവരുടെ സഹകരണത്തോടെ സിംഫോണിയ, ആർട്ടീരിയ വേദികൾ ഒരുക്കിയിരിക്കുന്നത്. കുട്ടികൾ വരയ്ക്കുന്ന ചിത്രങ്ങൾ സെന്ററിൽത്തന്നെ പ്രദർശിപ്പിക്കാനും വിൽക്കാനുമുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
ഔസേപ്പച്ചനും ആർട്ടീരിയ ചിത്രരചനാ വേദി ചിത്രകാരനും ശില്പിയുമായ എൻ.എൻ.റിംസനും ചേർന്ന് വേദികൾ ഭിന്നശേഷി മേഖലയ്ക്കായി സമർപ്പിച്ചു. നടൻ ജയരാജ് വാര്യർ അദ്ധ്യക്ഷത വഹിച്ചു. ബോർഗ്രോസ് വാർണർ യു.കെ ലിമിറ്റഡ് ചെയർമാൻ നസീർ വെളിയിൽ, പ്രാർത്ഥന ഫൗണ്ടേഷൻ ചീഫ് വോളന്റിയർ കുര്യൻ ജോർജ്, ബാലുശങ്കർ, മാജിക് അക്കാഡമി എക്സിക്യൂട്ടിവ് ഡയറക്ടർ ഗോപിനാഥ് മുതുകാട് തുടങ്ങിയവർ പങ്കെടുത്തു. ആർട്ടീരിയയിൽ കേരള കാർട്ടൂൺ അക്കാഡമിയിലെ അമ്പതോളം ചിത്രകാരന്മാരുടെ തത്സമയ ചിത്രരചനയും നടന്നു.