ആദ്യ സിനിമ തന്നെ ഐ.എഫ് .എഫ് .കെയിൽ മലയാള സിനിമ ടു ഡേ വിഭാഗത്തിലേക്ക്
തിരഞ്ഞെടുത്ത സന്തോഷത്തിലാണ് യുവ സംവിധായിക വി.എസ് ഇന്ദു .19(1)(a )
എന്ന തന്റെ സിനിമയെക്കുറിച്ച് സംസാരിച്ചപ്പോൾ

സിനിമ രംഗത്തേക്കുള്ള കടന്നു വരവ്?
സിനിമ എന്റെ പാഷനാണ്. സിനിമയെ സ്നേഹിക്കുന്ന ആളാണ് ഞാൻ.സ്കൂൾ കാലം മുതലേ അതിനായി എഴുതാൻ ശ്രമിച്ചിട്ടുണ്ട്. എം.ടിയുടെ തിരക്കഥയെല്ലാം വായിക്കുമ്പോൾ പ്രചോദനമായി തോന്നി. സിനിമ ചെയ്യണമെന്നത് എന്റെ ആഗ്രഹമായിരുന്നു. സലീം അഹമ്മദ് സംവിധാനം ചെയ്ത ആദാമിന്റെ മകൻ അബുവാണ് അസിസ്റ്റ് ചെയ്ത ആദ്യ സിനിമ. അതെന്റെ സ്വപ്ന സാക്ഷത്കാരം ആയിരുന്നു. ആ ഗംഭീര സിനിമയിലൂടെ ആണ് എന്റെ തുടക്കം. ഒരുപാട് സീനിയേഴ്സിന്റെ കൂടെ പ്രവർത്തിക്കാനുള്ള ഭാഗ്യം അതിലൂടെ ലഭിച്ചു. അത് തന്നെ ആയിരുന്നു എന്റെ അടിത്തറയും.പിന്നീട് പത്തേമരി തുടങ്ങി ചില ചിത്രങ്ങൾ കൂടെ അസിസ്റ്റ് ചെയ്തു.തൃശ്ശൂർ ചേതന ഇൻസ്റ്റിറ്റൂട്ടിൽ പഠിക്കുന്ന സമയത്താണ് ആദാമിന്റെ മകൻ അബുവിലേക്ക് വരുന്നത്. 19(1)(a) ആണ് ആദ്യ സിനിമ.
ഈ വിഷയം പ്രമേയമാക്കിയതെന്താണ്?
രാഷ്ട്രീയം പശ്ചാത്തലമായിരിക്കണം എന്ന് കരുതി സിനിമ എടുത്ത ആളല്ല ഞാൻ. സാധാരണക്കാരിയായ ഒരു പെൺകുട്ടിയുടെ ജീവിതത്തിൽ ചില അപ്രതീക്ഷിത സംഭവം നടക്കുകയാണ്.അതിലേക്കാണ് രാഷ്ട്രീയം കടന്നു വരുന്നത്. ചുറ്റും നടക്കുന്ന കാര്യങ്ങൾ കാണുകയും വായിക്കുകയും ചെയ്യുന്ന ഒരാളെന്ന നിലയിൽ അതിന്റെ ഒരു പ്രതിഫലനം ചിത്രത്തിൽ പ്രകടമാകാം.
അഭിപ്രായ സ്വാതന്ത്ര്യത്തെ അടയാളപ്പെടുത്തുന്ന പേര് തിരഞ്ഞെടുക്കാനുള്ള കാരണം?
സിനിമയുടെ പ്രമേയത്തിന് ഏറ്റവും അനുയോജ്യമായ ടൈറ്റിൽ ആണ് 19(1)(a). സിനിമയിലെ കഥാപാത്രങ്ങൾ പരസ്പരം ബന്ധപ്പെട്ട് നിൽക്കുന്നതും, കഥാ സന്ദർഭങ്ങളുമെല്ലാം സംവദിക്കുന്നതും ഈ ആശയമാണ്. ഏതൊരു രീതിയിൽ പരിശോധിച്ചാലും ഇന്നത്തെ സാമൂഹിക പശ്ചാത്തലത്തിൽ 19(1)(a) എന്ന പേര് സിനിമയോട് കൂടുതൽ നീതി പുലർത്തുന്നതാണ് എന്ന് ഞാൻ വിശ്വസിക്കുന്നു.
ഒരു സിനിമയുടെ പ്രധാന ഘടകങ്ങളിൽ ഒന്നാണ് കാസ്റ്റിംഗ്.എന്റെ കൂടെ വർക്ക് ചെയ്തവരെല്ലാം തന്നെ അവരുടെ 100 ശതമാനംഎനിക്കു തന്നിട്ടുണ്ട്.
നിത്യ മേനോനും വിജയ് സേതുപതിയും വ്യത്യസ്ത കഥാപാത്രങ്ങൾ വിജയകരമായി കൈകാര്യം ചെയ്യുന്നവരാണ്.ഏത് കഥാപാത്രമായാലും അവരുടെ കൈകളിൽ ഭദ്രമാണ് എന്നൊരു വിശ്വാസം എനിക്കുണ്ട്.
നിത്യ മേനോനിലൂടെ ഇന്ദുവിനെ ആണോ പ്രേക്ഷകർക്ക് മുന്നിലെത്തിച്ചത്?
ഒരിക്കലും അല്ല. നിത്യാമേനോനിലൂടെ പെൺകുട്ടി എന്ന പേരിലാത്ത കഥാപാത്രത്തെ തന്നെയാണ് അവതരിപ്പിക്കാൻ ശ്രമിച്ചത് . ഞാൻ എഴുതിയത് കൊണ്ട് എന്റെ ചില സ്വഭാവ സവിശേഷതകൾ അതിൽ പ്രകടമാകും എന്നതും ഒരു യാഥാർത്ഥ്യമാണ്. പക്ഷെ സിനിമയ്ക്കായി എഴുതുമ്പോഴോ ചർച്ച ചെയ്യുമ്പോഴോ ഒന്നും ഞാൻ അതിനെ പറ്റി ചിന്തിച്ചിട്ടില്ല. തിരക്കഥ പറയാനെടുത്ത 2 മണിക്കൂർ സമയത്തും അല്ലാതെ ഞാനുമായി സംവദിച്ചപ്പോഴുമൊക്കെ നിത്യ എന്നെ മനസ്സിലാക്കിയിട്ടുണ്ട് . അത് ആ കഥാപാത്രത്തെ സ്വാധീനിച്ചിട്ടുണ്ടാകാം. അത് അവർ പല വേദികളിലും പറഞ്ഞിട്ടുണ്ട്.
ഐ.എഫ്.എഫ് .കെയിൽ തിരഞ്ഞെടുക്കപ്പെട്ടല്ലോ?
വളരെ സന്തോഷം തോന്നിയ നിമിഷമായിരുന്നു അത് . ഐ.എഫ് .എഫ് .കെയുടെ എൻട്രി സമയത്ത് സിനിമ അയച്ചിരുന്നെങ്കിലും തിരഞ്ഞെടുക്കപ്പെടും എന്നൊന്നും കരുതിയില്ല. പെട്ടന്ന് വാർത്ത കണ്ടപ്പോൾ സന്തോഷത്തേക്കാൾ ഉപരി അഭിമാനം തോന്നി. ഞാൻ തുടർച്ചയായി എല്ലാ വർഷവും ഫിലിം ഫെസ്റ്റിവലിന് പോകാറുണ്ട്. വലിയ അംഗീകാരമാണിത്.
പുതിയ സിനിമ?
പുതിയ സിനിമയ്ക്കായുള്ള ആലോചനകളും എഴുത്തും നടന്നു കൊണ്ടിരിക്കുന്നു. അധികം വൈകാതെ ചെയ്യാമെന്നാണ് പ്രതീക്ഷ.