
വിഴിഞ്ഞം: കോവളത്തെ അപകടത്തെ തുടർന്ന് യുവാവ് മരിച്ച സംഭവത്തെിൽ പൊലീസിന്റെ ശാസ്ത്രീയ പരിശോധന സംഘം ഇന്ന് സ്ഥലത്തെത്തും. ശനിയാഴ്ച രാത്രിയാണ് കോവളം ജംഗ്ഷന് സമീപം സ്കൂട്ടറും ബൈക്കും കൂട്ടിയിടിച്ച് ഒരു യുവാവ് മരിക്കുകയും 3 പേർക്ക് പരിക്കേൽക്കുകയും ചെയ്തത്. കഴക്കൂട്ടം - കാരോട് ബൈപ്പാസിന്റെ കോവളം ജംഗ്ഷൻ കഴിഞ്ഞ മാസമാണ് ഗതാഗതത്തിന് തുറന്നുകൊടുത്തത്.
പണി പൂർത്തിയാക്കാതെ റോഡ് തുറന്ന് കൊടുത്തതിനെതിരെ നാട്ടുകാർ നിരവധി തവണ പ്രതിഷേധിച്ചിരുന്നു. കോവളം ജംഗ്ഷനിൽ നിന്ന് കോവളം ബീച്ചിലേക്കുള്ള റോഡ് ബാരിക്കേഡ് വച്ച് അടച്ചത് പ്രതിഷേധത്തെ തുടർന്ന് മാറ്റിയിരുന്നു. കോവളം ജംഗ്ഷനിൽ അപകടം വർദ്ധിക്കാനുള്ള സാദ്ധ്യത കണക്കിലെടുത്ത് സിഗ്നൽ ലൈറ്റുകൾ സ്ഥാപിച്ചെങ്കിലും പ്രയോജനമില്ലെന്നാണ് നാട്ടുകാർ പറയുന്നത്. കോവളം ജംഗ്ഷൻ മുതൽ തെങ്കവിള വരെയുള്ള ഭാഗത്ത് തെരുവ് വിളക്കുകൾ സ്ഥാപിക്കാത്തത് അപകടസാദ്ധ്യത കൂട്ടുകയാണ്. കഴിഞ്ഞ ദിവസം നടന്ന അപകട സ്ഥലത്തും വെളിച്ചമില്ലായിരുന്നു. അമിത വേഗതയിൽ എത്തുന്ന വാഹനങ്ങൾ തമ്മിലിടിച്ചാണ് ഇവിടെ 15 ലധികം അപകടങ്ങളും 5 ഓളം മരണങ്ങളും സംഭവിച്ചത്. റോഡ് തുറക്കുന്നതിനെതിരെ കേരള കൗമുദി കഴിഞ്ഞ മാസം വാർത്ത നൽകിയിരുന്നു.