ഇന്ന് റോഡ് ഉപരോധവും സെക്രട്ടേറിയറ്റ് മാർച്ചും
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ വിഷയത്തിൽ സർക്കാരിന് തികഞ്ഞ ധാർഷ്‌ട്യമാണെന്ന് കുറ്റപ്പെടുത്തി ലത്തീൻ അതിരൂപതയുടെ കീഴിലുള്ള പള്ളികളിൽ ആർച്ച് ബിഷപ്പ് തോമസ് ജെ. നെറ്റോയുടെ സർക്കുലർ. സർക്കാരിന് ഏകപക്ഷീയ നിലപാടാണെന്നും വിഴിഞ്ഞം സമരം ശക്തമാക്കണം, നീതി കിട്ടും വരെ സമരം തുടരാനാണ് തീരുമാനം എന്നിങ്ങനെയാണ് സർക്കുലറിൽ പറയുന്നത്.
മത്സ്യത്തൊഴിലാളികൾ മുന്നോട്ടുവച്ച ഏഴ് ആവശ്യങ്ങളിൽ ഒന്നുപോലും സർക്കാർ പരിഗണിച്ചില്ല. ഒന്നും ചെയ്യാതെ എല്ലാം ചെയ്‌തെന്നാണ് പറയുന്നത്. തീരജനതയുടെ നിലവിളി അധികാരികൾ കേൾക്കുന്നില്ല. മനുഷ്യോചിതമല്ലാത്ത ജീവിതസാഹചര്യമുള്ളവരെ മാറ്റി പാർപ്പിക്കുന്നില്ല. ഇത് മനുഷ്യനിന്ദയും ദൈവനിന്ദയും പൈശാചികതയുമാണ്. തീരം നഷ്‌ടപ്പെടുന്നത് പറയുമ്പോൾ ആഗോള താപനമെന്ന് പറയും. തീരശോഷണമില്ലാത്തിടത്ത് ആഗോള താപനമില്ല. വിനാശകരമായ വികസനമാണ് വിഴിഞ്ഞത്ത് നടക്കുന്നതെന്നും സർക്കുലറിൽ പറയുന്നു.
ഇന്നത്തെ റോഡ് ഉപരോധ സമരത്തിന്റെയും ബുധനാഴ്‌ച സെക്രട്ടേറിയറ്റ് പടിക്കൽ നടത്തുന്ന സമരത്തിന്റെയും വിശദാംശങ്ങൾ ഉൾപ്പെടുത്തിയാണ് സർക്കുലർ വായിച്ചത്. തുറമുഖ കവാടത്തിൽ സമരം ആരംഭിച്ചതിനുശേഷം അഞ്ചാം തവണയാണ് സർക്കുലർ വായിച്ചത്. തുറമുഖ നിർമ്മാണം മൂലമുള്ള പാരിസ്ഥിതിക സാമൂഹിക ആഘാതങ്ങൾ പഠിക്കുന്നതിനായി ലത്തീൻ സമരസമിതി രൂപീകരിച്ച ജനകീയ കമ്മിഷനുമായി സഹകരിക്കണമെന്നും ആർച്ച് ബിഷപ്പ് ആഹ്വാനം ചെയ്‌തു.
സമവായ ചർച്ചകൾ ഉടൻ
തുറമുഖ നിർമ്മാണം വേഗം പുനരാരംഭിക്കണമെന്നിരിക്കെ സർക്കാരിന്റെ സമവായചർച്ചകളും ഉടനുണ്ടാകും. മുഖ്യമന്ത്രിയുമായുള്ള കൂടിയാലോചനയ്ക്ക് ശേഷമാകും മന്ത്രിസഭാ ഉപസമിതി സമരക്കാരെ കാണുക. കഴിഞ്ഞദിവസം അദാനി ഗ്രൂപ്പുമായുള്ള ചർച്ചയിൽ സമരം എത്രയുംവേഗം തീർക്കുമെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ ഉറപ്പ് നൽകിയിരുന്നു.
മലബാറിലെ പര്യടനം വെട്ടിച്ചുരുക്കി ഇന്ന് തലസ്ഥാനത്തെത്തുന്ന അഹമ്മദ് ദേവർകോവിലും മന്ത്രി അബ്‌ദുറഹ്മാനും മുഖ്യമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തിയേക്കും.
ഇന്ന് റോഡ് ഉപരോധം
വിഴിഞ്ഞം തുറമുഖ നിർമ്മാണം സൃഷ്‌ടിക്കുന്ന ആഘാതങ്ങൾ പൊതുജനങ്ങളെ അറിയിക്കാൻ ഇന്ന് മത്സ്യത്തൊഴിലാളികൾ വഴിതടയൽ സമരവും സെക്രട്ടേറിയറ്റ് മാർച്ചും സംഘടിപ്പിക്കും. ആറ്റിങ്ങൽ,സ്‌റ്റേഷൻകടവ്,ചാക്ക,തിരുവല്ലം,വിഴിഞ്ഞം,പൂവാർ,ഉച്ചക്കട തുടങ്ങിയ സ്ഥലങ്ങളിൽ രാവിലെ 8.30 മുതൽ വൈകിട്ട് 3 വരെ ബഹുജന മാർച്ചും ഉപരോധവും സംഘടിപ്പിക്കും. 11ന് പാളയം, പേട്ട,കഴക്കൂട്ടം,ഫെറോനകളുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റ് മാർച്ചും ധർണയും സംഘടിപ്പിക്കും. രക്തസാക്ഷി മണ്ഡപത്തിന് മുന്നിൽ നിന്നാണ് മാർച്ച് ആരംഭിക്കുക.
ബുധനാഴ്‌ച വിഴിഞ്ഞം സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വിവിധ ജില്ലകളിൽ പ്രതിഷേധ പരിപാടികൾ നടത്തും. വൈകിട്ട് 3 മുതൽ 7 വരെ സെക്രട്ടേറിയറ്റിന് മുന്നിൽ കലാസാംസ്‌കാരിക കൂട്ടായ്‌മ സംഘടിപ്പിക്കും. ജില്ലയിലെ കോളേജുകൾ,രക്തസാക്ഷി മണ്ഡപം,ശംഖുംമുഖം,ഗാന്ധിപാർക്ക് എന്നീ സ്ഥലങ്ങളിൽ ' കടലും കാടും മലനിരകളും വരും തലമുറകൾക്കായി സംരക്ഷിക്കുന്നതിന് ' എന്ന പേരിൽ ബോധവത്കരണ പരിപാടികളും സംഘടിപ്പിക്കും.
വിഴിഞ്ഞത്തും മുല്ലൂരും
ഉപരോധം നിരോധിച്ചു
വിഴിഞ്ഞം ജംഗ്ഷൻ, മുല്ലൂർ എന്നിവിടങ്ങളിൽ ഇന്ന് മത്സ്യത്തൊഴിലാളികൾ നടത്താനിരുന്ന റോഡ് ഉപരോധം നിരോധിച്ച് കളക്‌ടർ ജെറോമിക് ജോർജ് ഉത്തരവിട്ടു. മുദ്രാവാക്യം വിളിയും നിരോധിച്ചിട്ടുണ്ട്. അതിരൂപതയുടെ സമരവും ഇതിനെതിരായ ജനകീയ കൂട്ടായ്‌മയുടെ പ്രതിഷേധവും സ്ഥലത്ത് ക്രമസമാധാനപ്രശ്‌നങ്ങൾക്ക് കാരണമാകുമെന്നത് കണക്കിലെടുത്താണ് നിരോധനമെന്ന് ഉത്തരവിൽ പറയുന്നു.