
തിരുവനന്തപുരം: യുവതിയെ പീഡിപ്പിച്ച കേസിൽ മുൻകൂർ ജാമ്യാപേക്ഷ കോടതി വിധി പറയാൻ മാറ്റിയതോടെ എൽദോസ് കുന്നപ്പിള്ളി എം.എൽ.എയെ കണ്ടെത്താൻ പൊലീസ് വ്യാപക തെരച്ചിൽ തുടങ്ങി. ജില്ലാ ക്രൈംബ്രാഞ്ച് അസി. കമ്മിഷണർ അനിൽകുമാറിന്റെ നേതൃത്വത്തിൽ മൂന്ന് ടീമുകളായി തിരിഞ്ഞാണ് തെരച്ചിൽ. യുവതിയെ മർദ്ദിച്ച സംഭവത്തിൽ മൊഴി രേഖപ്പെടുത്താൻ എം.എൽ.എയുടെ ഡ്രൈവർക്കും പി.എയ്ക്കും നോട്ടീസ് നൽകി. പങ്കുണ്ടെങ്കിൽ ഇവരെയും പ്രതിചേർക്കും. എം.എൽ.എ കോവളത്തെ ഹോട്ടലിൽ എത്തിച്ച് പീഡിപ്പിച്ചുവെന്ന യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ അവിടെയെത്തി അന്വേഷണ സംഘം മഹസർ രേഖപ്പെടുത്തി. ജീവനക്കാരുടെ മൊഴിയുമെടുത്തു. സംഭവദിവസം യുവതിയും എം.എൽ.എയും ഹോട്ടലിൽ എത്തിയതിന്റെ ദൃശ്യങ്ങൾ സി.സി ടിവി കാമറകളിൽനിന്ന് ശേഖരിക്കും. പെരുമ്പാവൂരിലെ പീഡനസ്ഥലത്ത് ഇന്ന് പരിശോധന നടത്തും. അതേസമയം തനിക്കെതിരെ സമൂഹമാദ്ധ്യമങ്ങളിലൂടെ ചിലർ അപവാദ പ്രചാരണം നടത്തുന്നുവെന്ന് ആരോപിച്ച് യുവതി ഇന്നലെ സിറ്റി പൊലീസ് കമ്മിഷണർക്കും പരാതി നൽകി. കഴിഞ്ഞദിവസം സൈബർ സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. കോവളം സി.ഐയായിരുന്ന പ്രൈജുവിനെതിരെയും പരാതി നൽകി. കേസ് ഒത്തുതീർപ്പാക്കാൻ നിർബന്ധിച്ച സി.ഐ ഒരു ഓൺലൈൻ മാദ്ധ്യമത്തിൽ തന്റെ പേരുവിവരങ്ങൾ വെളിപ്പെടുത്തിയെന്ന് പരാതിയിൽ ആരോപിച്ചു. ഒളിവിൽ കഴിയുന്ന എം.എൽ.എ വാട്സാപ്പ് സന്ദേശത്തിലൂടെ ഭീഷണിപ്പെടുത്തിയെന്നാരോപിച്ച് കേസിലെ സാക്ഷിയായ യുവാവ് കന്റോൺമെന്റ് സ്റ്റേഷനിൽ പരാതി നൽകി.