ആര്യനാട്:വെടിവച്ചിട്ട കാട്ടുപന്നിയെ കാണാതായ സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കി പൊലീസും വനംവകുപ്പും. വെള്ളിയാഴ്ച രാത്രിയോടെയാണ് ആര്യനാട് പഞ്ചായത്തിലെ ഇറവൂർ ഭാഗത്ത് മനോജിന്റെ പുരയിടത്തിൽ കാട്ടുപന്നിയുടെ ശല്യം ഉണ്ടെന്ന് അറിയിച്ചനുസരിച്ച് വിമുക്ത ഭടനും പഞ്ചായത്തിന്റെ ഷൂട്ടറുമായ രാജൻ സ്ഥലത്തെത്തി പന്നിയെ വെടിവച്ചിട്ടത്.ശേഷം ഇതിനെ മറവ് ചെയ്യാനുള്ള സാമഗ്രികൾ എടുക്കാൻ രാജൻ വീട്ടിൽ പോയി വരുന്നതിനിടെയാണ് കാട്ടുപന്നി അപ്രത്യക്ഷമായത്. അന്വേഷണത്തിൽ കാറിൽ എത്തിയ സംഘം പന്നിയെ കടത്തിക്കൊണ്ടുപോയതായി മനസിലാക്കിയ വീട്ടുടമ മനോജും രാജനും വനം വകുപ്പിനേയും പൊലീസിനെയും വിവരം അറിയിക്കുകയായിരുന്നു.ആര്യനാട് പൊലീസ് സമീപത്തെ സി.സി ടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.പ്രതികൾ ഉടൻ പിടിയിലാകുമെന്ന് പൊലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും അറിയിച്ചു.