
തിരുവനന്തപുരം: സംസ്ഥാന ട്രാൻസ്‌ജൻഡർ കലോത്സവത്തിൽ തിരുവനന്തപുരം ജില്ല ജേതാക്കളായി. 56 പോയിന്റുമായാണ് തിരുവനന്തപുരം മുന്നിലെത്തിയത്. രണ്ട്, മൂന്ന് സ്ഥാനങ്ങൾ യഥാക്രമം എറണാകുളവും മലപ്പുറവും സ്വന്തമാക്കി. എറണാകുളത്ത് നിന്നുള്ള തൻവി രാകേഷ് കലാരത്‌നാ പുരസ്‌കാരം നേടി. മൂന്നു ഇനങ്ങളിൽ മത്സരിച്ച തൻവി രണ്ടു ഒന്നാം സ്ഥാനവും ഒരു രണ്ടാം സ്ഥാനവും നേടിയാണ് ഒന്നാമതെത്തിയത്.
രണ്ടു ദിവസമായി തിരുവനന്തപുരം അയ്യൻകാളി ഹാൾ, യൂണിവേഴ്‌സിറ്റി കോളേജ് എന്നിവിടങ്ങളിലായി നാല് വേദികളിൽ നടന്ന വർണപ്പകിട്ട് 2022-ൽ ഇരുന്നൂറിലേറെ മത്സരാർത്ഥികളാണ് പങ്കെടുത്തത്. 21 ഇനങ്ങളിലായിരുന്നു മത്സരം. വിജയികൾക്ക് മന്ത്രി ആർ. ബിന്ദു സമ്മാനം വിതരണം ചെയ്‌തു .