തൊടുപുഴ: വ്യാജ റിക്രൂട്ട്മെന്റ് ഏജൻസിയിലൂടെ വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ ഒരാൾ അറസ്റ്റിൽ. മുട്ടം കാക്കൊമ്പ് പാറേപ്പടിക്കൽ ജോബി മാത്യുവാണ് (45) അറസ്റ്റിലായത്. തൊടുപുഴയിലെ ആൽഫ ഇൻഫർമേഷൻ എന്ന സ്ഥാപനത്തിന്റെ ഉടമയാണ്. സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽ നിന്നായി നിരവധിയാളുകൾ തട്ടിപ്പിനിരയായതായി പരാതി ഉയർന്നിരുന്നു.

തൊടുപുഴയിലെ ഇടുക്കി റോഡിൽ പ്രവർത്തിക്കുന്ന ആൽഫ ഇൻഫർമേഷൻ പ്രൈവറ്റ് എംപ്ലോയ്‌മെന്റ് സർവ്വീസ് എന്ന വ്യാജ റിക്രൂട്ടിങ് ഏജൻസി കേന്ദ്രീകരിച്ചായിരുന്നു തട്ടിപ്പ്.അബുദാബിയിലെ വിവിധ സ്ഥാപനങ്ങളിലേക്കായി
ലിഫ്റ്റ് ഓപ്പറേറ്റർ, ഓഫീസ് അസിസ്റ്റന്റ്, സൂപ്പർവൈസർ എന്നീ തസ്തികയിൽ ജോലി വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. ഇതിനായി 60000 രൂപായാണ് ഓരോരുത്തരിൽ നിന്നും ഈടാക്കിയിരുന്നത്. മാസങ്ങൾ പിന്നിട്ടിട്ടും ഉദ്യോഗാർത്ഥികൾക്ക് ജോലി ലഭിച്ചില്ല. ഇതേ തുടർന്ന് സ്ഥാപനത്തിൽ ബന്ധപ്പെട്ടെങ്കിലും വ്യക്തമായ മറുപടി ലഭിച്ചില്ല. ഏതാനും ആഴ്ച മുമ്പ് സ്ഥാപനം പൂട്ടുകയും ചെയ്തു. ഇതോടെ തട്ടിപ്പ് ബോദ്ധ്യപ്പെട്ട് പണം നൽകിയവർ പരാതിയുമായി രംഗത്തെത്തി. ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ എൺപതോളം പരാതികളാണ് പൊലീസിന് ലഭിച്ചത്.
കൊവിഡ് മൂലം ജോലി നഷ്ടപ്പെട്ട് പുതിയ തൊഴിലിനായി ശ്രമിക്കുന്നവരായിരുന്നു തട്ടിപ്പിനിരയായവരിൽ ഭൂരിഭാഗവും. ഇതേ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് തൊടുപുഴ കുന്നത്തുള്ള ഭാര്യ വീട്ടിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി ജോബി മാത്യു പിടിയിലായത്. സ്ഥാപനം വഴി ഇതുവരെ ഒരാളെ പോലും ജോലിക്ക് കയറ്റി വിട്ടിട്ടില്ലെന്നും യാതൊരു രേഖകളും ഇല്ലാതെയാണ് ഇത് പ്രവർത്തിച്ചിരുന്നതെന്നും തൊടുപുഴ ഡിവൈ.എസ്.പി മധു ബാബു പറഞ്ഞു.

2008 മുതൽ യാതൊരു ലൈസൻസുമില്ലാതെ ആൽഫ ഇൻഫർമേഷൻ എന്ന സ്ഥാപനം തൊടുപുഴയിൽ പ്രവർത്തിക്കുന്നുണ്ട്. കബളിപ്പിക്കപ്പെട്ടവരിൽ മിക്കവരും നേരിട്ട് പണം കൈമാറിയതിനാൽ തെളിവില്ല. വളരെ കുറച്ച് ആളുകൾ മാത്രമാണ് ബാങ്ക് വഴിയും മറ്റും പണം കൈമാറിയത്. 2019 ൽ പരാതിയെ തുടർന്ന് കേസടുത്തിരുന്നു. എന്നാൽ പരാതിക്കാരന് പണം തിരികെ നൽകി കേസ് ഒത്തുതീർപ്പാക്കി വീണ്ടും സ്ഥാപനം തുറക്കുകയായിരുന്നു. തൊടുപുഴ ഡിവൈ.എസ്.പി മധു ബാബു, എസ്.ഐമാരായ ബൈജു.പി.ബാബു,
നൗഷാദ് റ്റി.ജി, എ.എസ്.ഐ നജീബ് കെ.ഇ, സിപിഒമാരായ സനീഷ് റ്റി.എ, മനു എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി.