തിരുവനന്തപുരം: കാര്യവട്ടം കാമ്പസിൽ കിഫ്ബി ഫണ്ടുപയോഗിച്ച് നിർമ്മിക്കുന്ന വിവിധ പദ്ധതികളുടെ ഉദ്ഘാടനം ഇന്ന് രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുമെന്ന് കേരള സർവകലാശാല വി.സി മഹാദേവൻ പിള്ള പറഞ്ഞു.റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ബ്ലോക്ക്,ഹോസ്റ്റലുകൾ,ആംഫി തിയേറ്റർ,ഓപ്പൺ ക്ലാസ് റൂമുകൾ,ക്ലിഫ് ബിൾഡിംഗ് എക്സറ്റൻഷൻ എന്നീ പദ്ധതികളുടെ പ്രവർത്തനോദ്ഘാടനവും പഠനവകുപ്പുകളിൽ നിർമ്മാണം പൂർത്തിയാക്കിയ തിയേറ്റർ ഹാളുകളുടെ ഉദ്ഘാടനവുമാണ് മുഖ്യമന്ത്രി നിർവഹിക്കുന്നത്. 56 കോടി രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങളാണ് കിഫ്ബി പദ്ധതിയിലൂടെ നടപ്പാക്കുന്നത്.
എൻ.എ.എ.സി/എൻ.ഐ.ആർ.എഫ്/എസ്.എ.എ.സി റാങ്കിംഗിൽ ഉയർന്ന ഗ്രേഡ് ലഭിച്ച കേരള സർവകലാശാലയുടെ കീഴിൽ വരുന്ന കോളേജുകൾക്കുള്ള പുരസ്‌കാര സമർപ്പണം നടക്കും.കേരള സർവകലാശാല വൈസ് ചാൻസലർ മഹാദേവൻപിള്ള അദ്ധ്യക്ഷനാകും. മന്ത്രിമാരായ കെ.എൻ. ബാലഗോപാൽ,ആർ.ബിന്ദു,കടകംപള്ളി സുരേന്ദ്രൻ, പ്രോ വൈസ് ചാൻസലർ പ്രൊഫ. പി.പി.അജയകുമാർ,രജിസ്ട്രാർ പ്രൊഫ.കെ.എസ്. അനിൽകുമാർ എന്നിവർ സംസാരിക്കും.