തിരുവനന്തപുരം: കൊവിഡിനെതിരായ മികച്ച പ്രതിരോധത്തിലൂടെ രാജ്യത്തിന്റെ ആരോഗ്യമേഖല ഏത് പ്രതിസന്ധിയെയും അതിജീവിക്കുമെന്ന് തെളിയിച്ചതായി കേന്ദ്രമന്ത്രി വി.മുരളീധരൻ. തിരുവനന്തപുരം ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ച ശ്രീചിത്ര കോൺക്ലേവ് 2022 ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 2020 മാർച്ചിന് മുമ്പ് പി.പി.ഇ കിറ്റുകളുടെ ഉത്പാദനമില്ലാതിരുന്ന രാജ്യത്ത് ഇപ്പോൾ 23 ലക്ഷത്തിലധികം കിറ്റുകൾ നിർമ്മിക്കുകയും കയറ്റി അയയ്ക്കുകയും ചെയ്യുന്നു. പ്രധാനമന്ത്രി മുന്നോട്ടുവച്ച ആത്മനിർഭരത എന്ന ആശയത്തെ ആദ്യം പ്രാവർത്തികമാക്കിയത് ആരോഗ്യമേഖലയിലാണെന്നും കൊവിഡുകാലത്ത് കുറഞ്ഞ ചെലവിൽ വേഗത്തിൽ പരിശോധനാഫലം ലഭിക്കുന്ന ടെസ്റ്റ് കിറ്റ് വികസിപ്പിച്ചതിലൂടെ ശ്രീചിത്ര ആത്മനിർഭരതയുടെ മികച്ച മാതൃകയായെന്നും അദ്ദേഹം പറഞ്ഞു.
ശ്രീ ചിത്ര ഇൻസ്റ്റിറ്റ്യൂട്ട് പ്രസിഡന്റ് ഡോ.വി.കെ.സാരസ്വത് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ മന്ത്രി വീണാ ജോർജിന്റെ വീഡിയോ സന്ദേശം പ്രദർശിപ്പിച്ചു. കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് മുൻ സെക്രട്ടറി ജി.അശുതോഷ് ശർമ പാർത്ഥസാരഥി സ്മാരക പ്രഭാഷണം നടത്തി. കേന്ദ്ര ആരോഗ്യ വിഭാഗം ഡയറക്ടർ ജനറൽ അതുൽ ഗോയൽ, കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് സെക്രട്ടറി എസ്.ചന്ദ്രശേഖർ, കേരള മെഡിക്കൽ ടെക്‌നോളജി കൺസോർഷ്യം സ്‌പെഷ്യൽ ഓഫീസർ സി.പത്മകുമാർ, ശ്രീ ചിത്ര ഡയറക്ടർ സഞ്ജയ് ബെഹാരി, ബയോമെഡിക്കൽ ടെക്നോളജി വിഭാഗം മേധാവി ഡോ.എച്ച്.കെ.വർമ്മ എന്നിവർ സംസാരിച്ചു.