
ആറ്റിങ്ങൽ: മുദാക്കൽ പഞ്ചായത്ത് വക ഏക സ്റ്റേഡിയമായ കോളൂർ സ്റ്രേഡിയം വികസനം കാത്ത് കിടക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. ഇതു സംബന്ധിച്ച് കേരളകൗമുദി നിരവധി തവണ വാർത്ത പ്രസിദ്ധീകരിച്ചതിന്റെ അടിസ്ഥാനത്തിൽ ഇപ്പോൾ വികസനം അരികെയായിരിക്കുകയാണ്. ഇതിന്റെ വികസനത്തിനായി പദ്ധതികൾ ആവിഷ്കരിച്ചു കഴിഞ്ഞതായാണ് ബന്ധപ്പെട്ടവർ പറയുന്നത്. ഇനിയും ചുവപ്പുനാടയിൽ കുരുങ്ങാതെ കാര്യങ്ങൾ ശരിയായ തരത്തിൽ മുന്നോട്ടുപോയാൽ പഞ്ചായത്തിലെ യുവ തലമുറയ്ക്ക് പരിശീലനത്തിന് നല്ലൊരു സ്റ്രേഡിയം ഒരുങ്ങും. ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ ആവശ്യപ്രകാരം വി. ശശി എം.എൽ.എ നടത്തിയ ഇടപെടലിലാണ് സ്റ്റേഡിയ വികസന പദ്ധതികൾ തയാറായത്.
** സ്റ്റേഡിയത്തിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനുള്ള കണക്കെടുപ്പുകൾ പൂർത്തിയായിക്കഴിഞ്ഞു. ഇവ സമർപ്പിക്കുന്ന മുറയ്ക്ക് സർക്കാർ ഫണ്ട് അനുവദിക്കും.
സ്റ്റേഡിയം സാമൂഹികവിരുദ്ധരുടെ താവളം
മുദാക്കൽ പഞ്ചായത്തിലെ 14 ാം വാർഡിലാണ് സ്റ്റോഡിയം. പഞ്ചായത്തിൽ കായിക പ്രതിഭകളെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ 30 വർഷം മുൻപാണ് കോളൂർ സ്റ്റോഡിയം നിർമ്മിച്ചത്. 2013 ൽ ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ സ്റ്റേഡിയത്തിൽ രണ്ട് മുറികളും ടോയ്‌ലെറ്റും നിർമ്മിച്ചു. അതിനു ശേഷം യാതൊരു വികസന പ്രവർത്തനങ്ങളും നടന്നില്ല. സ്റ്രേഡിയം കാടുകയറി സാമൂഹ്യവിരുദ്ധരുടെ താവളമായത് നാട്ടുകാർക്ക് ദുരിതം ഇരട്ടിയാക്കി.
മണ്ണിടിച്ച് നിരപ്പാക്കിയ ഒരു ഭൂമിമാത്രമായി വർഷങ്ങളായി കിടക്കുകയാണ് കോളൂർ സ്റ്രേഡിയം. കെട്ടിടം നിർമ്മിച്ചെങ്കിലും ഇവിടെ വെള്ളമോ വെളിച്ചമോ നൽകിയില്ല. സ്റ്റേഡിയത്തിന് രണ്ടു വശവും വലിയ കുഴിയാണ്. ചുറ്റുമതിലോ സുരക്ഷാസംവിധാനങ്ങളോ ഇവിടില്ല.
സ്റ്രേഡിയത്തിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുങ്ങിയാൽ കായിക താരങ്ങൾക്ക് പരിശീലനം നൽകുന്നതിനും നാട്ടുകാർക്ക് പ്രഭാതസവാരിക്കും വ്യായാമത്തിനും സൗകര്യം ലഭിക്കും. ഇപ്പോൾ നാട്ടുകാർ പ്രഭാത സവാരിക്ക് തിരക്കുള്ള റോഡുകളാണ് ഉപയോഗിക്കുന്നത്.
പല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സ്റ്റേഡിയത്തിന് ഭൂമി കണ്ടെത്താനാകാതെ വലയുമ്പോഴാണ് ഭൂമിയുണ്ടായിട്ടും മുദാക്കൽ പഞ്ചായത്തിൽ സൗകര്യം ഒരുക്കാൻ കഴിയാതെകിടക്കുന്നത്. ഈ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള നടപടികളാണ് ഇപ്പോൾ ആരംഭിച്ചത്.
സ്റ്റേഡിയത്തിൽ സൗകര്യങ്ങൾ ഇല്ലെങ്കിലും ഇപ്പോൾ വിവിധ ക്ലബ്ബുകളുടെ ക്രിക്കറ്റ് ടൂർണമെന്റും കുട്ടികളുടെയും ചെറുപ്പക്കാരുടെയും പരിശീലവും നടക്കുന്നുണ്ട്.