
ആറ്റിങ്ങൽ: വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിനെതിരായ സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ സംയുക്ത സമരസമിതി സംഘടിപ്പിച്ച റോഡ് ഉപരോധം ആറ്റിങ്ങൽ പട്ടണത്തെ സ്തംഭിപ്പിച്ചു. രാവിലെ എട്ടരയോടെ ആരംഭിച്ച സമരം ആറ്റിങ്ങൽ കച്ചേരി ജംഗ്ഷനിലേക്കുള്ള എല്ലാ റോഡുകളും ഉപരോധിച്ചു. കടന്നു വന്ന എല്ലാ വാഹനങ്ങളെയും സമരക്കാർ തടഞ്ഞത് സംഘർഷത്തിൽ കലാശിച്ചു. ആംബുലൻസുകളെയും ചിലർ തടയാൻ ശ്രമിച്ചു. ശക്തമായ പൊലീസ് സുരക്ഷ ഉണ്ടായിട്ടും അവശ്യ വാഹനങ്ങൾ പോലും കടത്തി വിടാനായില്ല. സമരം അക്രമാസക്തമാകുമെന്ന ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജല പീരങ്കി ഉൾപ്പെടെയുള്ള സന്നാഹവുമായാണ് പൊലീസ് നിലയുറപ്പിച്ചത്.
ആറ്റിങ്ങൽ മേഖലയിൽ കച്ചേരി ജംഗ്ഷൻ കേന്ദ്രീകരിച്ച് അഞ്ചുതെങ്ങ് ഫെറോനയുടെ നേതൃത്വത്തിലാണ് ഉപരോധം നടന്നത്. കച്ചേരി ജംഗ്ഷനിൽ സമരം നടക്കുന്നതിനിടെ ആറ്റിങ്ങൽ മുനിസിപ്പൽ ബസ് സ്റ്റാൻഡിൽ നിന്ന് വെഞ്ഞാറമൂട്ടിലേയ്ക്ക് പോകാനൊരുങ്ങിയ സ്വകാര്യ ബസ്സിനെ സമര അനുകൂലികൾ തടഞ്ഞത് സംഘർഷത്തിൽ കലാശിച്ചു. ബസ് കിഴക്കേ നാലുമുക്കു വഴി വീണ്ടും സ്റ്രാൻഡിൽ ഒതുക്കേണ്ടി വന്നു.
സമരം ശക്തമാക്കുന്നതിന്റെ ഭാഗമായിലത്തീൻ അതിരൂപതയ്ക്ക് കീഴിലെ പള്ളികളിൽ ഇന്നലെ സർക്കുലർ വായിച്ചിരുന്നു. ഇന്നുനടന്ന റോഡ് ഉപരോധത്തിന്റെയും ബുധനാഴ്ച നടത്താനിരിക്കുന്ന സമരത്തിന്റെയും വിശദാംശങ്ങൾ ഉൾപ്പെടുത്തിയാണ് ആർച്ച് ബിഷപ്പിന്റെ സർക്കുലർ ഇറങ്ങിയത്. സമര സമിതി നേതാവ് അഡ്വ. സ്റ്റീഫൻസൺ ഉദ്ഘാടനം ചെയ്തു.
ഫാദർ ജസ്റ്റിൻ ജൂഡ്, ഫാദർ ജോസഫ് പ്രസാദ്, ഫാദർ ബ്രീഡ് മനോജ് എന്നിവർ നേതൃത്വം നൽകി. ഉച്ചക്ക് 12ഓടെ സമരം അവസാനിപ്പിച്ചു. സമരക്കാർക്കെതിരേ സഞ്ചാര സ്വാതന്ത്ര്യം തടസ്സപ്പെടുത്തി എന്നതിന് പൊലീസ് കേസെടുത്തു. സംഘാടകരും കണ്ടാലറിയാവുന്നവർക്കുമെതിരേയാണ് കേസ്.