
നെയ്യാറ്റിൻകര: കനത്ത മഴയിൽ നെയ്യാറ്റിൻകരയിലെ താഴ്ന്ന പ്രദേശങ്ങളും കൃഷിയിടങ്ങളും വെള്ളത്തിനടിയിലായി. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്തമഴയിൽ ടി.ബി ജംഗ്ഷന് സമീപം മൃഗാശുപത്രിയോടു ചേർന്ന് സ്ഥിതിചെയ്യുന്ന കൃഷിഭവൻ കെട്ടിടം ചോർന്നൊലിച്ച് മുറികൾ മുഴുവൻ വെളളത്തിലായി. ഞായറാഴ്ച അവധി കഴിഞ്ഞ് ജീവനക്കാരെത്തുമ്പോൾ പഴക്കം ചെന്ന കെട്ടിടത്തിലെ ചുവരുകളെല്ലാം നനഞ്ഞ് കുതിർന്ന്, ദ്രവിച്ച ചുവരുകളിലെ സിമന്റ് അടർന്ന് വീഴുന്ന അവസ്ഥയിലായിരുന്നു. മഴവെളളം വീണ് കമ്പ്യൂട്ടറുകളും നശിച്ചിട്ടുണ്ട്. കാലപ്പഴക്കത്താൽ ദ്രവിച്ച മേൽക്കൂരയിലെ ഓട് പൊട്ടിയാണ് വെളളം കെട്ടിടത്തിനുളളിൽ നിറയുന്നത്. ഓഫീസിലെ രേഖകളെല്ലാം നനഞ്ഞ് കുതിർന്നു. കൃഷി ആവശ്യത്തിനുളള വിത്തും വളങ്ങളും സൂക്ഷിക്കുന്ന മുറിയിലാണ് ഏറെ നാശം സംഭവിച്ചിട്ടുളളത്. നഗരസഭാ പരിധിയിലെ കണ്ണംകുഴി, മൂഴിമൺതോട്ടം രാമേശ്വരം,ഇരുമ്പിൽ,ചായ്ക്കോട്ടുകോണം,മരുതത്തൂർ,പനയറത്തല ഏലാകളിൽ കൃഷികളെല്ലാം വെള്ളത്തിനടിയിലാണ്. നെയ്യാറിന്റെ പല ഭാഗങ്ങളിലും കരയ്ക്കൊപ്പമാണ് ജലനിരപ്പ്. മാമ്പഴക്കര,തൊഴുക്കൽ, ചെമ്പരത്തിവിള,പെരുമ്പഴുതൂർ,ഓലത്താന്നി,അരുവിപ്പുറം മുതൽ പൂവാർ വരെയുള്ള നെയ്യാറിനോട് ചേർന്നുള്ള പ്രദേശങ്ങൾ മുഴുവൻ വെള്ളപ്പൊക്ക ഭീഷണിയിലാണ്. സംഭവം സംബന്ധിച്ച് നഗരസഭയ്ക്ക് വിവരം നൽകിയതായി കൃഷി ഓഫീസർ സജി അറിയിച്ചു.