
വെള്ളറട: കഴിഞ്ഞ രണ്ടു ദിവസമായി തോരാതെ പെയ്യുന്ന ശക്തമായ മഴയിൽ വെള്ളത്തിലായി താഴ്ന്ന മലയോര പ്രദേശങ്ങൾ.ചെറുതോടുകൾ കരകവിഞ്ഞ് ഒഴുകുന്നതോടൊപ്പം പാറശാല വെള്ളറട ചെറിയകൊല്ല ജംഗ്ഷനു സമീപത്തെ റോഡ് മുട്ടോളം വെള്ളത്തിലാണ്.ഇതുവഴി ഇരുചക്രവാഹനങ്ങൾ കടന്നു പോകാൻ കഴിയാത്ത അവസ്ഥയാണ്.റോഡിന്റെ ഇരുവശങ്ങളിലും ഓടയിലൂടെ വെള്ളം ഒഴുകിപോകുന്നതിനുള്ള സൗകര്യം ഒരുക്കിയിരുന്നുവെങ്കിലും സമീപത്തെ വസ്തു ഉടമകൾ വെള്ളം ഒഴുകുന്നത് തടഞ്ഞതോടുകൂടിയാണ് വെള്ളക്കെട്ട് രൂപപ്പെട്ടത്.താഴ്ന്ന പ്രദേശങ്ങളിലെ കൃഷി സ്ഥലങ്ങളും മലയോര ഹൈവേ ഉൾപ്പടെ വെള്ളം കയറിയ നിലയിലാണ്. ഈ നിലയിൽ മഴ തുടർന്നാൽ വ്യാപകമായ കൃഷിനാശവും ഉണ്ടാകും.അമ്പൂരി ആദിവാസി മേഖലയും പൂർണമായി ഒറ്റപ്പെട്ട നിലയിലാണ്.ആറാട്ടുകുഴി,ചൂണ്ടിക്കൽ റോഡിലെ കുഴികളിൽ വെള്ളം കെട്ടി നിൽക്കുന്നതിനാൽ ഇതുവഴി വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയാത്ത അവസ്ഥയാണ്.