d

വിജയവാഡ: കാർഷിക മേഖലയിൽ കേരളവും ആന്ധ്രാപ്രദേശും നടപ്പാക്കുന്ന നവീന ആശയങ്ങൾ പങ്കുവയ്ക്കുവാൻ ആന്ധ്രാപ്രദേശ് കൃഷി വകുപ്പുമായി ധാരണയായി.ആന്ധ്രാപ്രദേശ് കൃഷിമന്ത്രി കകാനി ഗോവർന്ധൻ റെഡ്ഡിയുമായി മന്ത്രി പി.പ്രസാദ് ആന്ധ്രാപ്രദേശ് കൃഷി സെക്രട്ടേറിയറ്റിൽ നടത്തിയ ചർച്ചയിലാണ് ധാരണയായത്. നവീന കൃഷി രീതികൾ,ഡിജിറ്റൽ സാങ്കേതികവിദ്യയുടെ കാർഷിക മേഖലയിലെ ഉപയോഗം,കർഷകർക്ക് നൽകുന്ന വിവിധ സേവനങ്ങൾ,പ്ലാന്റ് ഹെൽത്ത് ക്ലിനിക്കുകളുടെ പ്രവർത്തനം,റൈത്തു ബറോസ കേന്ദ്രങ്ങളുടെ പ്രവർത്തനം തുടങ്ങിയവ ഇരു സംസ്ഥാനങ്ങളിലും ഫലപ്രദമായി നടപ്പാക്കുവാനാണ് തീരുമാനമായത്.

ആന്ധ്രാപ്രദേശിലെ കൃഷി രീതികളും റൈത്തു ബറോസ കേന്ദ്രങ്ങളുടെ പ്രവർത്തനവും പഠിക്കാൻ കേരളത്തിൽ നിന്നെത്തിയ പഠനസംഘവും ചർച്ചയിൽ പങ്കെടുത്തു.കേരളത്തിലെ കൃഷിക്കൂട്ടങ്ങൾ,കൃഷി ദർശൻ പരിപാടി,കേരള സംസ്ഥാന കാർഷിക ഇൻഷുറൻസ് തുടങ്ങിയവയെ കുറിച്ചും പരിചയപ്പെടുത്തി.റൈത്ത് ബറോസ കേന്ദ്രങ്ങളുടെ രൂപീകരണവും ഡിജിറ്റൽ സാങ്കേതിക വിദ്യയെ ഫലപ്രദമായി ഉപയോഗിക്കുന്നതിലൂടെ കാർഷിക മേഖലയിൽ ഉണ്ടാക്കിയ മാറ്റങ്ങളും കഴിഞ്ഞ 2 വർഷം കൊണ്ട് സംസ്ഥാനത്തിന്റെ ജി.ഡി.പിയിൽ വർദ്ധനവ് ഉണ്ടാക്കുവാൻ സാദ്ധ്യമായെന്നും ആന്ധ്രാ കൃഷിവകുപ്പുമന്ത്രി അറിയിച്ചു.

ആന്ധ്രാപ്രദേശ് സ്‌പെഷ്യൽ ചീഫ് സെക്രട്ടറി പൂനംമാലകൊണ്ടയ്യ,കാർഷിക കമ്മീഷണർ സി.എച്ച്.ഹരികിരൺ,സീഡ് ഡെവലപ്‌മെന്റ് കോർപ്പറേഷൻ വൈസ് ചെയർമാൻ ഡോ.ശേഖർ ബാബു,​സംസ്ഥാന കൃഷി വകുപ്പിനെ പ്രതിനിധീകരിച്ച് കാർഷിക വികസന കർഷകക്ഷേമവകുപ്പ് ഡയറക്ടർ ടി.വി.സുഭാഷ്,അഡി.സെക്രട്ടറി.എസ്.സാബിർ ഹുസൈൻ,പ്രൈസസ് ബോർഡ് ചെയർമാൻ ഡോ.രാജശേഖരൻ,കൃഷി അഡി.ഡയറക്ടർ സുനികുമാർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.