തിരുവനന്തപുരം:വിഴിഞ്ഞം തുറമുഖത്തിനെതിരായ പ്രതിഷേധം പൊതുശല്യമായി മാറുകയാണെന്നും ഇത് ജീവിതത്തിന്റെ എല്ലാ മേഖലകളെയും തടസപ്പെടുത്തുന്നുവെന്നും ട്രിവാൻഡ്രം ചേംബർ ഒഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി (ടി.സി.സി.ഐ) പ്രസ്താവനയിൽ പറഞ്ഞു. തുറമുഖത്തിനെതിരായ വികലമായ വാദങ്ങൾ നിരസിച്ച നഗരവാസികളോട് പ്രതികാരം ചെയ്യുകയാണ് പ്രക്ഷോഭകരെന്നും ടി.സി.സി.ഐ പ്രസിഡന്റ് എസ്.എൻ രഘുചന്ദ്രൻ നായർ പറഞ്ഞു. 25 വർഷത്തിനിടെ ആദ്യമായി ടെക്‌നോപാർക്കിലെ കമ്പനികളിലെ നിരവധി ജീവനക്കാർക്ക് ഓഫീസുകളിൽ എത്താനായില്ല. നിരവധി പേരുടെ വിമാനയാത്ര മുടങ്ങി. സമരക്കാരുടെ അനിയന്ത്രിതമായ പെരുമാറ്റം പൊലീസ് തടയണമെന്ന് സെക്രട്ടറി എബ്രഹാം തോമസ് (ജോജി) ആവശ്യപ്പെട്ടു.