തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ വിരുദ്ധ സമരത്തെ വിലകുറഞ്ഞ പ്രതിഷേധമായി ചിത്രീകരിക്കാനും മത്സ്യത്തൊഴിലാളികളെ ഭിന്നിപ്പിക്കാനും അധികൃതർ ക്ഷുദ്രശക്തികളെ ഇളക്കി വിടുകയാണെന്ന് സമരസമിതി ജനറൽ കൺവീനറും ലത്തീൻ അതിരൂപതാ വികാരി ജനറലുമായ ഫാ.യൂജിൻ പെരേര പറഞ്ഞു. വർഗീയ ധ്രുവീകരണത്തിന് ശ്രമമുണ്ടായതായും അദ്ദേഹം ആരോപിച്ചു. മത്സ്യത്തൊഴിലാളികളുടെ വഴിതടയൽ സമരത്തിന്റെ ഭാഗമായി സെക്രട്ടേറിയറ്റിന് മുന്നിൽ നടന്ന ഉപരോധം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വഴിതടയൽ സമരത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ ഞായറാഴ്ച രാത്രിയിലും നോട്ടീസും ഭീഷണിയുമൊക്കെയുണ്ടായി. സർ സി.പിയുടെ സ്വപ്‌ന പദ്ധതിയാണ് ഇതെന്നുവരെ കള്ളം പ്രചരിപ്പിക്കുന്നുണ്ട്. ഇതുപോലെ തുടങ്ങിയ വല്ലാർപ്പാടം ഇപ്പോൾ നഷ്ടത്തിലാണ്. വിഴിഞ്ഞം പദ്ധതി നടപ്പായാൽ സംസ്ഥാനത്തിന് ഒരു ആദായവും തരാതെ സർക്കാരിനെ നഷ്ടത്തിലാക്കും. സി.എ.ജി ഇക്കാര്യം പരാമർശിച്ചിട്ടും സർക്കാർ മറച്ചുവയ്‌ക്കുകയാണെന്നും അദ്ദേഹം പറയുന്നു.

കോവളത്തും ശംഖുംമുഖത്തുമടക്കമുള്ള വീടുകൾ നഷ്ടമായത് കാലാവസ്ഥാവ്യതിയാനം മൂലമെന്നാണ് മുഖ്യമന്ത്രി ഇപ്പോഴും പറയുന്നത്. എങ്കിൽ എന്തുകൊണ്ടാണ് മൂന്നു കിലോമീറ്റർ അപ്പുറമുള്ള മറ്റു തീരങ്ങളെ ഇത് ബാധിക്കാത്തത്. പാവങ്ങൾക്ക് ജീവിക്കാനും തൊഴിലെടുക്കാനുമുള്ള ഭരണഘടനാ അവകാശത്തിനുവേണ്ടിയാണ് ഈ സമരമെന്നും അദ്ദേഹം പറഞ്ഞു. ഫാ.ജെയിംസ് കുലാസ്, പാളയം ഇടവക വികാരി ഫാ.നിക്കോളാസ്, പേട്ട ഇടവക വികാരി ഫാ.റോബിൻസൺ തുടങ്ങിയവർ സംസാരിച്ചു. ഇന്നലെ രാവിലെ 11 മുതൽ തുടങ്ങിയ സെക്രട്ടേറിയറ്റിന് മുന്നിലെ റോഡ് ഉപരോധം ഉച്ചയ്‌ക്ക് 2.30വരെ നീണ്ടു.