തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരെ ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിലുള്ള റോഡ് തടയൽ സമരത്തിൽ ജനങ്ങൾ വലഞ്ഞു. ഇന്നലെ വിവിധ ആവശ്യങ്ങൾക്കായി നഗരത്തിലെത്തിയവരും വിവിധ ഓഫീസുകളിലെ ജീവനക്കാരും ഏറെനേരം കുരുക്കിൽപ്പെട്ടു. രാവിലെ 8.30 മുതലായിരുന്നു സമരം ആരംഭിച്ചത്.
അര മണിക്കൂർ മുമ്പേ പൊലീസെത്തി വാഹനങ്ങൾ വഴി തിരിച്ച് വിട്ടിരുന്നു. പ്രധാന പാതയായ ചാക്കയിൽ വാഹനം തിരിച്ചുവിട്ടത് നഗരത്തെ ആകെ ബാധിച്ചു. തിരക്ക് കാരണം ഇടറോഡുകളിലൂടെയും വാഹനങ്ങൾ കടത്തിവിട്ടു. ഇട റോഡുകളുടെ ഇരുവശത്തു നിന്നും വലിയ വാഹനങ്ങളെത്തിയത് മണിക്കൂറോളം ഗതാഗതക്കുരുക്കിന് കാരണമായി. ചാക്കയിൽ പ്രധാന ദേശീയപാതയുൾപ്പെടെ ഉപരോധിച്ചപ്പോൾ ആക്കുളത്ത് നിന്ന് വാഹനങ്ങൾ വഴിതിരിച്ചുവിട്ടു.
ആറ്റിങ്ങലിൽ റോഡ് ഉപരോധിച്ചതിനെ തുടർന്ന് കിളിമാനൂർ വഴി വരുന്ന വാഹനങ്ങളും വെട്ടുറോഡ് വഴി വന്നതും കുരുക്ക് ഇരട്ടിയാക്കി. കേശവദാസപുരം, പാളയം, പേട്ട, തമ്പാനൂർ, മെഡിക്കൽ കോളേജ്, കുമാരപുരം, വഞ്ചിയൂർ, ഈഞ്ചയ്ക്കൽ, പാച്ചല്ലൂർ, തിരുവല്ലം എന്നിവിടങ്ങളിൽ വാഹനങ്ങളുടെ നീണ്ടനിരയായിരുന്നു.
സമരത്തിൽ നട്ടംതിരിഞ്ഞ്
വിദ്യാർത്ഥികളും
റോഡ് ഗതാഗതം തടഞ്ഞതോടെ കേരള യൂണിവേഴ്സിറ്റി രണ്ടാം സെമസ്റ്റർ പരീക്ഷ എഴുതാനെത്തിയ വിദ്യാർത്ഥികളും വലഞ്ഞു. സ്റ്റാച്യു ഭാഗത്തേക്കുള്ള ഗതാഗതം പൊലീസ് തടഞ്ഞതോടെ യൂണിവേഴ്സിറ്റി കോളേജിലേക്ക് കെ.എസ്.ആർ.ടി.സി ബസുകളിലെത്തിയ വിദ്യാർത്ഥികൾക്ക് പരീക്ഷയെഴുതാൻ നടന്നെത്തേണ്ട അവസ്ഥയായി. ആൾസെന്റ്സ് കോളേജിലെ 48ഓളം വിദ്യാർത്ഥിനികളെ ചാക്കയിൽ ബസ് തടഞ്ഞുനിറുത്തി സമരക്കാർ ഇറക്കിവിട്ടു. വിദ്യാർത്ഥിനികളെ പിന്നീട് പൊലീസ് വാനുകളിൽ കോളേജിലെത്തിച്ചു. വഴുതക്കാട് കോട്ടൺഹിൽ സ്കൂളിലെ നൂറോളം കുട്ടികൾക്ക് സ്കൂളിലെത്താൻ കഴിഞ്ഞില്ല. രണ്ടു ബസുകൾ വിദ്യാർത്ഥികളെ വിളിക്കാൻ പുറപ്പെട്ടങ്കിലും ഗതാഗതക്കുരുക്കായതോടെ ട്രിപ്പ് റദ്ധാക്കുകയായിരുന്നു. ഉച്ചയ്ക്ക് ഒന്നരയോടെ 150ഓളം വിദ്യാർത്ഥികളുമായെത്തിയ ആക്കുളം എം.ജി.എം സ്‌കൂളിലെ 3 ബസുകൾ ചാക്ക ഫ്ലൈ ഓവറിൽ തടഞ്ഞ് തിരിച്ചുവിട്ടു. വിദ്യാർത്ഥികളും അദ്ധ്യാപകരും രണ്ട് മണിക്കൂർ വരെ വൈകിയാണ് കോളേജിലെത്തിയത്.