തിരുവനന്തപുരം: വട്ടിയൂർക്കാവ് മൂന്നാംമൂട് ആയിരവില്ലി തമ്പുരാൻ ക്ഷേത്രത്തിന്റെ മേലെക്കടവിൽ ചൂണ്ടയിടുന്നതിനിടെ ഒഴുക്കിൽപ്പെട്ട മൂന്നാംമൂട് വാറുവിള ദയാഭവനിൽ അനീഷയുടെയും പരേതനായ രാജീവിന്റെയും മകൻ നിരഞ്ജന്റെ (12) മൃതദേഹം കണ്ടെത്തി. അപകടം നടന്നയിടത്തുനിന്ന് മൂന്നര കിലോമീറ്ററോളം അകലെ വെള്ളൈക്കടവ് പാലത്തിനുതാഴെ നിന്നാണ് മൃതദേഹം കിട്ടിയത്. കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയും അരുവിക്കര ഡാം തുറന്നതുകാരണം ജലനിരപ്പ് ഉയർന്നതും തെരച്ചിലിനെ പ്രതികൂലമായി ബാധിച്ചിരുന്നു. പോസ്റ്റ്‌മോർട്ടത്തിനായി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയ മൃതദേഹം ഇന്ന് ബന്ധുക്കൾക്ക് വിട്ടുനൽകും. നാലാഞ്ചിറ പള്ളി സെമിത്തേരിയിലാകും സംസ്‌കാരം. നാലാംക്ലാസ് വിദ്യാർത്ഥിയായ നന്ദിനിയാണ് സഹോദരി. നിരഞ്ജനൊഒപ്പം കാണാതായ നെട്ടയം പാപ്പാട് ഗസ്മൽ ഹൗസിൽ ജിബിത്തിന്റെ മൃതദേഹം കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. ശനിയാഴ്ചയാണ് ജിബിത്തും നിരഞ്ജനും ഉൾപ്പെട്ട നാലംഗ സംഘം മേലെക്കടവിൽ ചൂണ്ടയിടാൻ എത്തിയത്. നിരഞ്ജന്റെ പിതാവ് രാജീവ് എട്ടുവർഷം മുമ്പ് വട്ടിയൂർക്കാവിലെ നീന്തൽക്കുളത്തിൽ മുങ്ങി മരിച്ചിരുന്നു. തെരച്ചിലിൽ ഫയർ ഫോഴ്സ് സ്റ്രേഷൻ ഓഫീസർമാരായ നിതിൻരാജ്, രാമമൂർത്തി,അനീഷ് കുമാർ എന്നിരടങ്ങിയ സ്കൂബാടീം പങ്കെടുത്തു.