
പോത്തൻകോട്: വാവറമ്പലത്തിന് സമീപം കല്ലൂരിൽ മെഡിക്കൽ സ്റ്റോർ ഉടമയായ വീട്ടമ്മയെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കല്ലൂർ സജാദ് മൻസിലിൽ സജാദിന്റെ ഭാര്യ ഫൗസിയ ( 32 )യെയാണ് വീടിന്റെ രണ്ടാം നിലയിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവരുടെ രണ്ട് കുട്ടികളും ഭർത്താവിന്റെ അച്ചനും അമ്മയും മാത്രമാണ് വീട്ടിൽ ഉള്ളത്. യുവതിയുടെ ഭർത്താവ് വിദേശത്തുനിന്ന് നാട്ടിലെത്തിയിട്ടുണ്ട്.ഊരുപൊയ്ക പി.കെ. നിവാസിൽ കോയകുഞ്ഞ് - നജീമ ദമ്പതികളുടെ മകളാണ്. പോസ്റ്റ് മോർട്ടത്തിനു ശേഷമേ മരണകാരണം അറിയാനാവു എന്ന് പൊലിസ് പറഞ്ഞു.
ഇന്നലെ രാവിലെ കുട്ടികളെ സ്കൂളിൽ വിടാൻ സമയമായിട്ടും താഴേക്ക് വരാത്തതിനെ തുടർന്ന് നജീമ മുകളിലത്തെ നിലയിലെത്തുമ്പോൾ മുകളിലെ ഹാളും കിടപ്പ് മുറിയും അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. മുട്ടിവിളിച്ചിട്ടും തുറക്കാത്തതിനെ തുടർന്ന് ബന്ധുക്കൾ പൊലിസിൽ വിവരമറിയിക്കുകയായിരുന്നു. ഒന്നരവർഷം മുമ്പ് യുവതിയും സജാദും തമ്മിൽ കുടുംബ പ്രശ്നങ്ങൾ നിലനിന്നിരുന്നതായി നാട്ടുകാർ പറഞ്ഞു. കണിയാപുരത്തെ ആശ്വാസ് മെഡിക്കൽ സ്റ്റോർ കൂടാതെ മറ്റ് രണ്ട് മെഡിക്കൽ സ്‌റ്റോറുകൾ പാർട്ട്ണർഷിപ്പ് വ്യവസ്ഥയിൽ നടത്തിവന്നിരുന്ന യുവതിക്ക് സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി പറയുന്നുണ്ട്. ഫത്ത ഫാത്തിമ, ഫെയ്താൻ എന്നിവർ മക്കൾ.