
നാഗർകോവിൽ: സഹപാഠി നൽകിയ ശീതളപാനീയം കുടിച്ച ആറാം ക്ലാസുകാരൻ നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചു. കളിയിക്കാവിള മെതുകുമ്മൽ സ്വദേശി സുനിൽ - സോഫിയ ദമ്പതികളുടെ മകൻ അശ്വിനാണ് (11) മരിച്ചത്..
അരംകോട്ടെ സ്വകാര്യ സ്‌കൂളിലാണ് അശ്വിൻ പഠിച്ചിരുന്നത്. കഴിഞ്ഞ 24ന് പരീക്ഷ കഴിഞ്ഞു വീട്ടിലേക്ക് മടങ്ങാൻ നിൽക്കവെ മറ്റൊരു വിദ്യാർത്ഥി നൽകിയ ശീതളപാനീയം കുടിച്ചു. രാത്രി ഛർദ്ദിയുണ്ടായതോടെ ബന്ധുക്കൾ കളിയിക്കാവിളയിലും തുടർന്ന് മാർത്താണ്ഡത്തുള്ള സ്വകാര്യ ആശുപത്രിയിലുമെത്തിച്ചിരുന്നു. വായിലും നാവിലും വ്രണങ്ങൾ ഉണ്ടായതിനെ തുടർന്ന് നെയ്യാറ്റിൻകരയിലുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ച് പരിശോധിച്ചപ്പോൾ ,ആസിഡ് പോലുള്ള ദ്രാവകം ഉള്ളിൽ ചെന്നതായി കണ്ടെത്തി.
രണ്ട് വൃക്കകളും തകരാറിലാണെന്നും ഡോക്ടർമാർ അറിയിച്ചിരുന്നു.തുടർന്നായിരുന്നു മരണം.