ss-ram

തിരുവനന്തപുരം: മിതഭാഷിയും മാന്യനുമായ ഫോട്ടോഗ്രാഫറായിരുന്നു കേരളകൗമുദി ഫോട്ടോ എഡിറ്ററായിരുന്ന എസ്.എസ്.റാം എന്ന് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. രാഷ്ട്രീയ ഫോട്ടോകൾ എടുക്കുന്നതിൽ പ്രത്യേക മികവ് പ്രകടിപ്പിച്ചിരുന്നുവെന്നും മന്ത്രി പറഞ്ഞു. റാം ഫൗണ്ടേഷൻ ഏർപ്പെടുത്തിയ അവാർഡ് കേസരി സ്‌മാരക ഹാളിൽ നടന്ന ചടങ്ങിൽ മലയാള മനോരമ കൊല്ലം യൂണിറ്റിലെ സീനിയർ ഫോട്ടോ ജേർണലിസ്റ്റ് അരവിന്ദ് വേണുഗോപാലിന് സമ്മാനിക്കുകയായിരുന്നു അദ്ദേഹം. വ്യക്തിയുടെ സവിശേഷത മനസിലാക്കി കാമറ ഫോക്കസ് ചെയ്യുന്നതായിരുന്നു റാമിന്റെ ശൈലി. തനിക്ക് ആവശ്യമായ ഫ്രെയിം ഏതാണെന്ന് റാമിന് വ്യക്തമായ ബോദ്ധ്യമുണ്ടായിരുന്നു. പ്രഗത്ഭനായ ഫോട്ടോഗ്രാഫറെയാണ് റാമിന്റെ അകാല നിര്യാണത്തിലൂടെ നഷ്ടമായതെന്നും ശിവൻകുട്ടി പറഞ്ഞു.

റാം ഫൗണ്ടേഷൻ ചെയർമാൻ സി.രതീഷ്‌കുമാർ അദ്ധ്യക്ഷനായി. കെ.യു.ഡബ്ല്യൂ.ജെ ജനറൽ സെക്രട്ടറി ആർ.കിരൺ ബാബു അനുസ്‌മരണ പ്രഭാഷണം നടത്തി. ട്രഷറർ സുരേഷ് വെള്ളിമംഗലം, കേരളകൗമുദി ഡെപ്യൂട്ടി എഡിറ്റർ വി.എസ്.രാജേഷ്,​ കെ.യു.ഡബ്ല്യൂ.ജെ തിരുവനന്തപുരം ജില്ലാപ്രസിഡന്റ് സാനു ജോർജ് തോമസ്,​ സെക്രട്ടറി അനുപമ ജി.നായർ തുടങ്ങിയവർ സംസാരിച്ചു. മന്ത്രി ശിവൻകുട്ടിക്ക് റാമിന്റെ ഭാര്യ ജയലക്ഷ്‌മി ഉപഹാരം നൽകി. റാം ഫൗണ്ടേഷൻ ട്രഷറർ എ.സി.റെജി സ്വാഗതവും സെക്രട്ടറി രാമകൃഷ്‌‌ണൻ നന്ദിയും പറഞ്ഞു.