vivadavela

ഒന്നരവർഷത്തിന് ശേഷം രാജ്യം അതിനിർണായകമായ പൊതുതിരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുകയാണ്. ബി.ജെ.പിയുടെ സമഗ്രാധിപത്യം രാജ്യത്തുണ്ടാക്കിയിരിക്കുന്ന അസാധാരണ സ്ഥിതിവിശേഷത്തെ എങ്ങനെ മറ്റ് മതേതര, ജനാധിപത്യ കക്ഷികൾ കൂട്ടായി മറികടക്കുമെന്ന ചോദ്യം പല കോണുകളിൽ നിന്നും ഉയരുന്നു. കോൺഗ്രസ് അത്യഗാധമായ പ്രതിസന്ധിയിൽ നിന്ന് കരകയറാൻ ശ്രമിക്കുന്നുണ്ടെങ്കിലും അതെത്രത്തോളം ഫലപ്രാപ്തിയിലെത്തുമെന്നത് ചോദ്യമായി നിൽക്കുന്നു. ഇടതുപക്ഷത്തിന്റെ സ്ഥിതിയും അതീവദുർബലം. ചില സംസ്ഥാനങ്ങളിൽ സ്വന്തം നിലയ്ക്ക് ശക്തിപ്രകടനം നടത്തിക്കൊണ്ടിരിക്കുന്ന പ്രാദേശിക കക്ഷികളാണ് പിന്നെയൊരാശ്രയം. മമത ബാനർജിയുടെ പോരാട്ടത്തിന് ഒരളവു വരെ ബി.ജെ.പിയെ ബംഗാളിൽ തടഞ്ഞുനിറുത്താനായി. എന്നാൽ സമീപകാലത്തായി മമത ദേശീയതലത്തിൽ വീറോടെ ശബ്ദിക്കുന്നില്ല. രാഷ്ട്രപതി, ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പുകളിൽ പ്രതിപക്ഷ പൊതുസ്ഥാനാർത്ഥിയോട് അവർ മുഖംതിരിച്ചു.

ബിഹാറിൽ എൻ.ഡി.എ പാളയം വിട്ടുവന്ന നിതീഷ് കുമാർ ദേശീയമായി ഒരു ബദലുണ്ടാക്കാൻ കോൺഗ്രസടക്കം എല്ലാ കക്ഷികളെയും കോർത്തിണക്കാൻ നോക്കുന്നു. അവിടെ രാഷ്ട്രീയജനതാദളും നിതീഷിന്റെ ഐക്യ ജനതാദളും ചേർന്ന പുതിയ സഖ്യം ഒരു പ്രതീക്ഷയുടെ തിരിനാളം കത്തിച്ചുവയ്ക്കുന്നു. ഒഡിഷയിലെ ബിജു ജനതാദളും ആന്ധ്രയിലെ ജഗൻ മോഹൻ റെഡ്ഢിയുടെ വൈ.എസ്.ആർ കോൺഗ്രസും ചന്ദ്രബാബു നായിഡുവിന്റെ തെലുഗുദേശവുമെല്ലാം സ്വന്തം നിലയ്ക്ക് ശക്തിപ്രകടനം നടത്തുന്നെങ്കിലും അവരവരുടെ സംസ്ഥാനങ്ങളിലെ ആധിപത്യശ്രമത്തിനപ്പുറത്തേക്ക് ഒരു ഇടപെടലിന് തയാറായിട്ടില്ല. ഹരിയാനയിൽ ഓംപ്രകാശ് ചൗതാലയുടെ കക്ഷി നടത്തിയ റാലിയെ നിതീഷ് കുമാർ ഒരു ദേശീയബദലിന്റെ വിളംബരമാക്കാൻ ശ്രമിച്ചെങ്കിലും കോൺഗ്രസ് പങ്കെടുത്തില്ല. ഇടതുപക്ഷ ഐക്യമുയർത്തിപ്പിടിക്കുന്ന സി.പി.ഐയും പോയില്ല. ചൗതാലയുടെ അഴിമതിയോട് സന്ധി സാദ്ധ്യമല്ലെന്നാണ് സി.പി.ഐ പറയുന്നത്. പക്ഷേ സി.പി.എം പോയി കൈകോർത്തുനിന്നു.

ആം ആദ്മി പാർട്ടിയാണ് മറ്റൊന്ന്. ഡൽഹിയും പഞ്ചാബും ഭരിക്കുന്ന ആം ആദ്മി ഗുജറാത്തിലും ബലപരീക്ഷണത്തിന് ഒരുങ്ങുന്നു. ആം ആദ്മി പാർട്ടിയുടെ അരാഷ്ട്രീയമുഖവും ബി.ജെ.പിയുടെ ഒരു ബി ടീമെന്ന പ്രതിച്ഛായയും രാജ്യത്തെ വിശാലതാൽപര്യം വച്ചുനോക്കുമ്പോൾ എത്രമാത്രം ഗുണകരമാകുമെന്ന ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്. എന്നിരുന്നാലും ആം ആദ്മി ഒരു പ്രതിപക്ഷമുഖമായി ഉയർന്നുവരാൻ ശ്രമിക്കുന്നു. രാജ്യത്തെ പ്രതിപക്ഷമുക്ത ഭാരതമാക്കി മാറ്റാൻ കൊണ്ടുപിടിച്ച് ശ്രമിക്കുന്ന ബി.ജെ.പി, ഇനിയൊരു പ്രതിപക്ഷമുണ്ടാവുകയാണെങ്കിൽ തന്നെ അത് അരാഷ്ട്രീയ ലേബലുള്ള ആം ആദ്മിയാവട്ടെ എന്ന് ചിന്തിക്കുന്നുണ്ടെന്ന സംശയങ്ങളും രാഷ്ട്രീയനിരീക്ഷകർ പ്രകടിപ്പിക്കാതില്ല. അതാവുമ്പോൾ സംഘപരിവാറിനും സൗകര്യപ്രദമാകും.

ഇങ്ങനെയെല്ലാമുള്ള സങ്കീർണമായ രാഷ്ട്രീയ സാഹചര്യങ്ങൾക്ക് നടുവിൽ നിന്നുകൊണ്ടാണ് രാജ്യം ഒന്നരവർഷത്തിന് ശേഷം മറ്റൊരു തിരഞ്ഞെടുപ്പിലേക്ക് കടക്കാനൊരുങ്ങുന്നത്. ജനാധിപത്യം തീർത്തും ദുർബലമാകുന്ന രാഷ്ട്രീയസാഹചര്യമാണ്. മതനിരപേക്ഷ റിപ്പബ്ലിക്കിന്റെ പ്രധാനമന്ത്രി ഓടിനടന്ന് പൂജ നടത്തുന്ന കാഴ്ച. ജുഡിഷ്യറിയിൽ നിന്ന് പോലും നീതിയുക്തസമീപനം പലപ്പോഴും കിട്ടുന്നില്ലേയെന്ന തോന്നലുയരുന്നു. പ്രൊഫ.ജി.എൻ. സായിബാബയുടെ കാര്യത്തിലുണ്ടായ സുപ്രീംകോടതി വിധി അതിലേക്ക് വിരൽ ചൂണ്ടുന്നുണ്ട്. 2025ൽ ആ‌ർ.എസ്.എസ് അതിന്റെ ശതാബ്ദി ആഘോഷിക്കുമ്പോൾ ഭാരതത്തെ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കാനുള്ള ശ്രമത്തിലാണ്. ഇനിയൊരു തിരഞ്ഞെടുപ്പിലും കൂടി മാറ്റമുണ്ടാകാതിരുന്നാൽ ഇന്ത്യയിൽ ഇന്നുകാണുന്ന നാമമാത്രമായെങ്കിലുമുള്ള മതേതരപ്രതിച്ഛായ ഉണ്ടാകുമോ എന്ന ആശങ്കാജനകമായ ചോദ്യം പൊള്ളിക്കുന്നതാണ്.

കോൺഗ്രസും സംഘടനാ

തിരഞ്ഞെടുപ്പും ഭാരത് ജോഡോയും

കോൺഗ്രസ് അദ്ധ്യക്ഷസ്ഥാനത്തേക്കുള്ള തിര‌ഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് പൂർത്തിയായി. കോൺഗ്രസിൽ മല്ലികാർജുന ഖാർഗെയും ശശിതരൂരും തമ്മിലുള്ള മത്സരം വളരെ പ്രതീക്ഷയേകുന്നുണ്ട് . പാർട്ടിക്കകത്ത് ജനാധിപത്യത്തിന്റെ ശുദ്ധവായു ഉണ്ടെന്ന ധ്വനി പരത്തുക വഴി അതിനിർണായകമായ രാഷ്ട്രീയ ഇടപെടലാണ് ആഗോളപ്രശസ്തനായ ഡോ. ശശി തരൂരിന്റെ ഭാഗത്തുനിന്നുണ്ടായത്. അദ്ദേഹം മത്സരിച്ചില്ലായിരുന്നെങ്കിൽ നെഹ്റു കുടുംബത്തിന്റെ തടവറയിൽ കഴിയുന്ന, ജനാധിപത്യത്തിന്റെ ശുദ്ധവായു കടക്കാത്ത വെറുമൊരു അറയായി കോൺഗ്രസ് വീണ്ടും തുടർന്നേനെ. സംഘപരിവാറിന് അത് വലിയ ഗുണവുമായേനെ.

പക്ഷേ, കോൺഗ്രസിൽ ഈ പ്രക്രിയ കുറേക്കൂടി നേരത്തേ നടക്കണമായിരുന്നു. തിര‌ഞ്ഞെടുപ്പ് പടിവാതിലിലെത്തി നിൽക്കുമ്പോൾ സംഭവിക്കേണ്ടതായിരുന്നില്ല. 2019ലെ തിരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെയെങ്കിലും ഇത് സംഭവിച്ചിരുന്നെങ്കിലെന്ന് ചിന്തിക്കുന്ന മതേതരവിശ്വാസികൾ വളരെയുണ്ട് രാജ്യത്ത്. കോൺഗ്രസ് മുക്ത ഭാരതത്തിൽനിന്ന് പ്രതിപക്ഷമുക്ത ഭാരതത്തിലേക്ക് അതിവേഗം കടക്കാൻ ശ്രമിക്കുന്ന സംഘപരിവാറിനെ ബോധപൂർവമല്ലെങ്കിൽ പോലും സഹായിക്കുന്ന നിലയാണ് കോൺഗ്രസിൽ നിന്നുണ്ടായത്.

ഈ തിരഞ്ഞെടുപ്പിൽ ശശി തരൂർ വിജയിക്കില്ല. പക്ഷേ മത്സരത്തിലൂടെ അദ്ദേഹം നൽകിയ സന്ദേശം വിലപ്പെട്ടതാണ്. ശശി തരൂർ വിജയിച്ചാലും അദ്ദേഹത്തിന് കോൺഗ്രസിനെ നല്ല നിലയിൽ നയിക്കാനാകുമോ എന്ന സംശയത്തിന് ബലമേറെയുണ്ട്. അദ്ദേഹത്തിന് പരിഷ്കൃത നാഗരികതയുടെ മുഖമാണ്. ഉയർന്ന മദ്ധ്യവർഗസമൂഹത്തിന്റെ ആരാധനാപാത്രം എന്നതിനപ്പുറത്തേക്ക്, ഇന്ത്യയോളം വൈവിദ്ധ്യങ്ങളും വൈജാത്യങ്ങളും നിറഞ്ഞ കോൺഗ്രസ് പോലൊരു പാർട്ടിയെ നയിക്കാനുള്ള നേതൃശേഷിയൊന്നും തരൂരിനുണ്ടെന്ന് കരുതാനാവില്ല. പക്ഷേ ആധുനിക ഇന്ത്യൻ സാമൂഹ്യാവസ്ഥ ആവശ്യപ്പെടുന്ന തരത്തിൽ മദ്ധ്യവർഗത്തെ കൈയിലെടുക്കാനുള്ള ശേഷി തരൂരിനുണ്ട്. തരൂരിനേക്കാൾ മികച്ച കോൺഗ്രസ് അദ്ധ്യക്ഷൻ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടായിരുന്നു. അദ്ദേഹം ദൗർഭാഗ്യവശാൽ മുഖ്യമന്ത്രിപദം വിട്ടൊഴിയാൻ മനസ് കാട്ടിയില്ല. മല്ലികാർജുൻ ഖാർഗെയ്ക്ക് എൺപത് വയസ്സെന്ന പ്രായമാണ് വില്ലൻ. എന്നിരുന്നാലും അദ്ദേഹത്തിന്റെ ദളിത് മുഖവും തരക്കേടില്ലാത്ത രാഷ്ട്രീയനേതാവെന്ന പ്രതിച്ഛായയും ഗുണം ചെയ്യുമെന്ന് കരുതേണ്ടിയിരിക്കുന്നു.

കന്യാകുമാരിയിൽ നിന്ന് രാഹുൽ ഗാന്ധി ആരംഭിച്ച ഭാരത് ജോഡോ യാത്രയാണ് എടുത്തുപറയേണ്ട മറ്റൊരു കാര്യം. ഇന്ത്യ മുഴുവൻ നടക്കുകയെന്നത് ചെറിയ കാര്യമല്ല. ഇന്ത്യയെ മനസിലാക്കി രാഹുൽഗാന്ധി നീങ്ങുന്നത് പുതിയൊരു ഭാവിക്ക് മുതൽകൂട്ടാകുമെന്ന് തന്നെ കരുതണം. ഈ യാത്ര പക്ഷേ 2015ലെങ്കിലും നടത്തിയിരുന്നെങ്കിലെന്ന് ചിന്തിക്കുന്നവരെ ഇന്നത്തെ ഇന്ത്യയെ നിരീക്ഷിക്കുന്ന ആരും കുറ്റം പറയില്ല.

ഹിന്ദി, ഹിന്ദു, ഹിന്ദുസ്ഥാൻ എന്ന നിലയിലേക്ക് കാര്യങ്ങൾ കൊണ്ടുപോകാനായി രാജ്യമാകെ ഹിന്ദിയെ ഔദ്യോഗികഭാഷയാക്കാൻ കൊണ്ടുപിടിച്ച ശ്രമം ഭരണകൂടം നടത്തുമ്പോൾ കൈയും കെട്ടി നോക്കിനിൽക്കേണ്ട നിസ്സഹായാവസ്ഥയിലാണ് സമൂഹം. രാജ്യാന്തരതലത്തിൽ പോലും പിന്നോട്ട് നടത്തിക്കുന്ന വിധത്തിൽ ഭരണാധികാരികൾ കാട്ടിക്കൂട്ടുന്ന കോപ്രായം കണ്ടില്ലെന്ന് നടിക്കാനാവില്ല. പക്ഷേ യു.പിയിലും ഗുജറാത്തിലും കൂടി രാഹുൽ നടക്കേണ്ടിയിരുന്നു.

ഇടതുപക്ഷത്തിന്റെ

ആഹ്വാനം

കോൺഗ്രസിന്റെ ഇന്നത്തെ അവസ്ഥയെ വിശ്വസിക്കാനാവില്ലെന്ന വിലയിരുത്തലിലാണ് ഇന്ത്യൻ ഇടതുപക്ഷമിപ്പോൾ നിൽക്കുന്നത്. അത് ഒരുപരിധി വരെ ശരിയുമാണ്. ഇടയ്ക്കിടയ്ക്ക് യൂറോപ്പിൽ പര്യടനം നടത്തി വരുന്ന ഇടവേളയിൽ രാഷ്ട്രീയപ്രവർത്തനം നടത്തിയാൽ നഷ്ടപ്പെടുന്ന ഇന്ത്യയെ തിരിച്ചുപിടിക്കാനാവില്ലെന്ന് രാഷ്ട്രീയനിരീക്ഷകർ അഭിപ്രായപ്പെടുന്നത് രാഹുൽഗാന്ധിയുടെ ഉണർവില്ലായ്മയെ ഉദ്ദേശിച്ചുതന്നെയാണ്. എന്നിരുന്നാലും അദ്ദേഹം സത്യസന്ധനായ രാഷ്ട്രീയനേതാവാണെന്ന് ഏവരും സമ്മതിക്കുന്നു. ആത്മാർത്ഥതയുണ്ട് അദ്ദേഹത്തിന്. ആ സമീപനം അദ്ദേഹത്തിൽ വലിയ പ്രതീക്ഷ നൽകുന്നുണ്ട്.

ഇടതുപാർട്ടികളിലേക്ക് വരാം. സി.പി.എം അതിന്റെ ഇരുപത്തിമൂന്നാം പാർട്ടി കോൺഗ്രസിൽ ആഹ്വാനം ചെയ്തത്, ബി.ജെ.പി- ആർ.എസ്.എസിനെ തോല്പിക്കാൻ ഇടത്, മതേതര ഐക്യം ശക്തിപ്പെടുത്തണമെന്നാണ്. കോൺഗ്രസ് ഉൾപ്പെടെയുള്ള വിശാല, മതേതര, ജനാധിപത്യ ഐക്യബദൽ കെട്ടിപ്പടുക്കാൻ നേരത്തേ ആഹ്വാനം ചെയ്ത സി.പി.ഐ ആകട്ടെ, ഇപ്പോൾ കോൺഗ്രസിന്റെ വിശ്വാസ്യതയിൽ സംശയം പ്രകടിപ്പിക്കുന്നു.

സമീപകാലത്തായി ഒട്ടും പ്രതീക്ഷ നൽകാത്ത നിലയിലുള്ള കോൺഗ്രസിന്റെ സമീപനവും അതിന്റെ നേതാക്കൾ കൂട്ടത്തോടെ ബി.ജെ.പിയിലേക്ക് പോകുന്നതും എല്ലാമാണ് മടുപ്പിക്കുന്നത്. കഴിഞ്ഞദിവസം ആന്ധ്രയിലെ വിജയവാഡയിൽ പൂർത്തിയായ സി.പി.ഐയുടെ ഇരുപത്തിനാലാം പാർട്ടി കോൺഗ്രസിന്റെ ആഹ്വാനവും ഇടത് വിശാല, മതേതര സഖ്യത്തിന് വേണ്ടിയാണ്. എന്നാൽ പാൻ ഇന്ത്യൻ സ്വഭാവമുള്ള കോൺഗ്രസിനെ അകറ്റിനിറുത്തി എങ്ങനെ രാജ്യമൊട്ടാകെ മതേതരവോട്ടുകൾ സംഭരിക്കാമെന്ന ചോദ്യം പ്രതിനിധികൾ ഉയർത്തുന്നു.

കോൺഗ്രസിനെ അകറ്റി നിറുത്തുന്നില്ല എന്നുതന്നെയാണ് സി.പി.ഐ നൽകുന്ന ഉത്തരം. അവർക്കും കണ്ണിചേരാം. പക്ഷേ അവർക്ക് സവിശേഷ പ്രാധാന്യം നൽകേണ്ടതില്ലെന്ന് മാത്രം.

ഉണർന്ന് പ്രവർത്തിക്കേണ്ടത് കോൺഗ്രസാകുന്നു. എല്ലാവരെയും പ്രതീക്ഷയുടെ നാളുകളിലേക്ക് ഉയർത്തിയെടുക്കാൻ നിർണായക ഇടപെടൽ നടത്താനാവുന്ന പാർട്ടിയാണ് കോൺഗ്രസ്. അതിനൊട്ടും വൈകിക്കൂടാ.

കേന്ദ്രത്തിൽ നരേന്ദ്രമോദി പരീക്ഷിക്കുന്ന തന്ത്രമുണ്ട്. തങ്ങളുടെ ഓട്ടോക്രാറ്റിക് നയം ശക്തിയുക്തം കൊണ്ടുപോകുമ്പോഴും ബഹുഭൂരിപക്ഷം വരുന്ന സാധാരണ ജനത്തിന്റെ കണ്ണിൽ പൊടിയിടാൻ ചില ആനുകൂല്യങ്ങൾ പ്രഖ്യാപിക്കുകയും നടപ്പാക്കുകയും ചെയ്യുക എന്നത്. ബി.ജെ.പി ഭരിക്കുന്ന യു.പിയിലും മദ്ധ്യപ്രദേശിലും ഗുജറാത്തിലുമെല്ലാം ഇതുതന്നെയാണ് നില. ജനങ്ങളെ ഒരു ഭാഗത്ത് ഭയപ്പെടുത്തി കൂടെ നിറുത്തുക. അവർക്കുവേണ്ടി എന്തെങ്കിലുമൊക്കെ ചെയ്യുന്നുവെന്ന് കാണിക്കുക.

രാജ്യം അതിദാരിദ്ര്യത്തിലേക്ക് നീങ്ങുന്നതിന്റെ സൂചന കണക്കുകളിലൂടെ പുറത്ത് വന്നത് കഴിഞ്ഞ ദിവസമാണ്. ഭിന്നിപ്പിച്ച് ഭരിക്കുക, കോർപ്പറേറ്റ് ചങ്ങാത്ത മുതലാളിത്തത്തെ പ്രോത്സാഹിപ്പിക്കുക എന്നിവയെല്ലാം തകൃതിയായി നടക്കുമ്പോഴാണ് ഈ കാഴ്ച.

ഇനി ബി.ജെ.പി ഇതര പ്രാദേശികകക്ഷികൾ ഭരിക്കുന്ന ഇടങ്ങളിലെ സ്ഥിതി നോക്കൂ. ഉദാഹരണത്തിന് ആന്ധ്രപ്രദേശിൽ. അവിടെയിപ്പോൾ അമരാവതിയിൽ കർഷകസമരം നടക്കുന്നുണ്ട്. തലസ്ഥാനനഗരം വികസിപ്പിക്കാനായി കൃഷിഭൂമി സ്വമേധയാ വിട്ടുനൽകി വഴിയാധാരമായവർ. 2014ൽ നൽകിയതാണ്. തെലുഗുദേശം മാറി ജഗൻമോഹന്റെ വൈഎസ്ആർ കോൺഗ്രസ് അധികാരമേറി. ഇന്നിപ്പോൾ മൂന്ന് തലസ്ഥാനമെന്ന പരിപാടിയിലേക്ക് ജഗൻ മോഹൻ കടക്കുന്നു. അമരാവതി നിയമസഭയും സെക്രട്ടേറിയറ്റുമൊക്കെയുള്ള തലസ്ഥാനവും വിശാഖപട്ടണം ജുഡിഷ്യൽ തലസ്ഥാനവും കുർണൂൽ ബിസിനസ് തലസ്ഥാനവും. ഇങ്ങനെയുള്ള വിഭജനം അമരാവതിയുടെ പ്രാധാന്യം കുറയ്ക്കാനാണെന്നും മറ്രിടങ്ങളിലെ ജഗന്റെ ബിസിനസ് താത്‌പര്യങ്ങൾ സംരക്ഷിക്കാനാണെന്നുമൊക്കെയാണ് എതിരാളികളുടെ വാദം. പവൻ കല്യാണിന്റെ ജൻസേന പാർട്ടിയാണ് മുഖ്യ എതിരാളികൾ. സമരക്കാരെ എതിരിടുന്നതൊക്കെ ഒരുതരം ഏകാധിപത്യരീതിയിലാണ്. ഇതിനെതിരെ അമർഷമുയരുമ്പോഴും ആന്ധ്രയിലെ ബഹുഭൂരിപക്ഷം കർഷകജനതയ്ക്ക് ആനുകൂല്യങ്ങൾ വാരിക്കോരി നൽകി കാര്യങ്ങളെ വരുതിയിലാക്കുന്നു ജഗൻമോഹൻ ഭരണം.

ഇങ്ങനെയൊക്കെയാണ് രാജ്യത്ത് കാര്യങ്ങൾ . കോർപ്പറേറ്റ് പ്രീണനക്കാര്യത്തിൽ ഛത്തീസ്ഗഢിലെ കോൺഗ്രസ് ഭരണവും ഒട്ടും പിന്നിലല്ല. കാര്യങ്ങൾ സങ്കീർണം തന്നെ. എന്നിരുന്നാലും ഇന്ത്യയുടെ മതേതരമുഖം പൊളിയാതിരിക്കുക എന്ന ചരിത്രപരമായ ദൗത്യം സമൂഹത്തിന് മുന്നിലുണ്ടെന്നതാണ് പരമപ്രധാനം.