
തിരുവനന്തപുരം: സംസ്ഥാനത്തെ നൂറു വർഷത്തെ സോഷ്യലിസ്റ്റ്, മാർക്സിസ്റ്റ് പാരമ്പര്യത്തെക്കുറിച്ചുള്ള വിവരങ്ങളടങ്ങിയ മാർക്സിസ്റ്റ് വിജ്ഞാനകോശം പത്തരക്കോടി രൂപ ചെലവിട്ട് കേരള സർവകലാശാല പുറത്തിറക്കും.
അന്താരാഷ്ട്ര മാർക്സിയൻ പഠനകേന്ദ്രത്തിന്റെ നേതൃത്വത്തിൽ തയ്യാറാക്കുന്ന കേരള സോഷ്യലിസ്റ്റ് മാർക്സിസ്റ്റ് വിജ്ഞാനകോശത്തിന് 800പേജുകളുള്ള 5 പതിപ്പുകളുണ്ടാവും. രാഷ്ട്രീയ, പൊതുപ്രവർത്തന, കലാ, സാംസ്കാരിക, തൊഴിലാളി സംഘടന, വിദ്യാഭ്യാസ, ഭരണ മേഖലകളിലെ 500 പ്രമുഖ വ്യക്തികളുടെ വിവരങ്ങളാവും ആദ്യ പതിപ്പിൽ. ആധുനിക കേരളചരിത്രത്തിലെ ഇടത് പ്രസ്ഥാനങ്ങളും, ചരിത്ര സംഭവങ്ങളുമാവും രണ്ടാം പതിപ്പിൽ. സംസ്ഥാനത്തിന്റെ സാമൂഹ്യപരിണാമം, രാഷ്ട്രീയം, വികസനം എന്നിവ മൂന്നാം പതിപ്പിലും, കലാ, സാഹിത്യ, സാംസ്കാരിക മേഖലകളിലെ ഇടതുപക്ഷ സംഭാവനകൾ നാലാം പതിപ്പിലും, നൂറു വർഷത്തെ ഇടതുപക്ഷ മാദ്ധ്യമപ്രവർത്തനം അഞ്ചാം പതിപ്പിലും ഉൾപ്പെടുത്തും. ബഡ്‌ജറ്റ് വിഹിതത്തിൽ 20 ലക്ഷം രൂപ പ്രാഥമിക ചെലവുകൾക്ക് നീക്കി വയ്ക്കും.