photo

വിഴിഞ്ഞം തുറമുഖ നിർമ്മാണം നിറുത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ലത്തീൻ അതിരൂപതയുടെ ആഭിമുഖ്യത്തിൽ തിങ്കളാഴ്ച തലസ്ഥാനത്ത് എട്ടിടങ്ങളിൽ നടന്ന ഉപരോധസമരം തലസ്ഥാനവാസികളെ മാത്രമല്ല വിവിധ ആവശ്യങ്ങൾക്കായി ഇവിടെ എത്താൻ ശ്രമിച്ചവരെയും വല്ലാതെ വലച്ചു. സംഘാടകരെ സംബന്ധിച്ചിടത്തോളം ഉപരോധസമരം വൻവിജയം തന്നെയായിരുന്നു. ദേശീയ ഹൈവേയടക്കം പ്രധാനപാതകളും അവ കടന്നുപോകുന്ന ജംഗ്‌ഷനുകളും സമരക്കാർ പൂർണമായും കൈയടക്കിയതോടെ പല ആവശ്യങ്ങൾക്കുമായി വീടുകൾ വിട്ടിറങ്ങിയവർ അക്ഷരാർത്ഥത്തിൽ പെരുവഴിയിലായി. വിമാനത്താവളത്തിലും റെയിൽവേ സ്റ്റേഷനിലും ബസ് സ്റ്റാൻഡിലും ആശുപത്രികളിലും വിദ്യാലയങ്ങളിലുമൊക്കെ എത്താൻ കഴിയാതെ പലർക്കും വീടുകളിലേക്കുതന്നെ മടങ്ങേണ്ടിവന്നു. ഉപരോധം തുടങ്ങുന്നതിനു മുൻപ് നന്നേ രാവിലെ സ്‌കൂളുകളിലേക്കു പറഞ്ഞുവിട്ട കുട്ടികളുടെ സ്ഥിതിയോർത്ത് രക്ഷിതാക്കൾ അങ്കലാപ്പിലായി. എഴുപതോളം പേർക്ക് വിമാനയാത്ര മുടങ്ങി. രോഗികളുമായിപോയ ആംബുലൻസ് പോലും തടഞ്ഞു എന്നതിൽനിന്ന് ഉപരോധത്തിന്റെ ചൂടും തീക്ഷ്ണതയും മനസിലാകും.

സമരം നടത്താനുള്ള അവകാശം പോലെ തന്നെ പ്രധാനമാണ് ഭരണഘടന പൗരന്മാർക്കു നൽകുന്ന പൗരാവകാശങ്ങളും. എന്നാൽ ഈ അവകാശങ്ങളെ പാടേ ചവിട്ടിമെതിച്ചുകൊണ്ടാണ് ഇതുപോലുള്ള ഏതു പ്രക്ഷോഭത്തിനും സംഘാടകർ വീറുകൂട്ടുന്നത്. ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം തടയുന്നതിനെതിരെ ഉന്നതനീതിപീഠങ്ങൾ എത്രയോ തവണ ഉത്തരവുകളിറക്കിയിരിക്കുന്നു. വല്ല ഫലവുമുണ്ടോ ? സംഘടിത ശക്തികൾക്കു മുൻപിൽ കോടതി ഉത്തരവുകൾക്കു ഒരു വിലയുമില്ലെന്നു വരുന്നത് എത്രമാത്രം നാണക്കേടാണ്. ഉപരോധസമരത്തിന്റെ പേരിൽ തിങ്കളാഴ്ച പൊതുനിരത്തുകളിൽ അരങ്ങേറിയ കാര്യങ്ങൾ എങ്ങനെ നീതീകരിക്കാനാകും. ഏതു ഉപരോധസമരത്തിലും അത്യാവശ്യ കാര്യങ്ങൾക്ക് പോകുന്നവർക്കു തടസമുണ്ടാകാതിരിക്കാൻ സംഘാടകർക്കു പുറമെ നിയമപാലകരും രംഗത്തുണ്ടാകും. എന്നാൽ തിങ്കളാഴ്ചത്തെ ഉപരോധ സമരത്തിൽ എല്ലായിടത്തും പൊലീസ് വെറും കാഴ്ചക്കാരായി മാറുകയായിരുന്നു. എന്താണ് ഇതിന്റെയൊക്കെ അർത്ഥം? സെക്രട്ടേറിയറ്റ് ഗേറ്റിലേക്ക് നൂറോഇരുനൂറോ പേർ കൊടികളുമായി പാളയത്തുനിന്ന് യാത്ര പുറപ്പെടുമ്പോൾത്തന്നെ ജലപീരങ്കികളും മറ്റു സന്നാഹങ്ങളുമായി പൊലീസ് നില ഉറപ്പിക്കാറുണ്ട്. എന്നാൽ തലസ്ഥാനനഗരി ഏഴെട്ടുമണിക്കൂർ ഉപരോധക്കാരുടെ പിടിയിലമർന്നിട്ടും നഗരവാസികളുടെ രക്ഷയ്ക്ക് പൊലീസ് ഉണ്ടായിരുന്നില്ല. ഈയിടെ നടന്ന പോപ്പുലർഫ്രണ്ട് ഹർത്താലിൽ ജനജീവിതം തടസപ്പെട്ടപ്പോൾ പ്രതികരിക്കാൻ മത്സരിച്ചവരാരും കഴിഞ്ഞ ദിവസം അതിനെക്കാൾ വലിയതോതിൽ സഞ്ചാരം മുടങ്ങിയപ്പോൾ പ്രതിഷേധവുമായി മുന്നോട്ടുവന്നു കണ്ടില്ല.

വിഴിഞ്ഞം തുറമുഖ നിർമ്മാണം പാടേ ഉപേക്ഷിക്കണമെന്ന ലത്തീൻ അതിരൂപതയുടെ അപ്രായോഗികമായ ആവശ്യം ഒരു സർക്കാരിനും അംഗീകരിക്കാനാവാത്തതാണ്. സമരസമിതി ഉന്നയിച്ചിട്ടുള്ള ഏഴു പ്രധാന ആവശ്യങ്ങളിൽ ആറും സർക്കാർ ഇതിനകം അംഗീകരിച്ചിട്ടുണ്ടെന്നാണ് തിരുവനന്തപുരത്തുകാരൻ കൂടിയായ മന്ത്രി ശിവൻകുട്ടി കഴിഞ്ഞ ദിവസം പറഞ്ഞത്. തുറമുഖ നിർമ്മാണം ഉപേക്ഷിക്കണമെന്ന ആവശ്യം മാത്രമാണ് ശേഷിക്കുന്നത്. സമരത്തിനു പിന്നിൽ മറ്റു ചില അജൻഡയുമുണ്ടെന്ന സന്ദേഹം ഉൗട്ടിഉറപ്പിക്കാനേ ഇത്തരം നിലപാടുകൾ ഹേതുവാകൂ.

വിഴിഞ്ഞം സമരം ജില്ല ഒട്ടാകെയും മറ്റു ജില്ലകളിലേക്കും വ്യാപിപ്പിക്കാൻ ഒരുങ്ങുകയാണ്. സംസ്ഥാനത്തിന് ആയിരക്കണക്കിനു ചെറുപ്പക്കാർക്കും സമീപഗ്രാമങ്ങൾക്കും ഒരുപോലെ പ്രയോജനകരമായ ഒരു തുറമുഖത്തിനെതിരെ വിചിത്ര വാദങ്ങളുയർത്തി അനന്തമായി സമരം നടത്തുന്നതിലെ യുക്തിഹീനത സംഘാടകർക്ക് ഇനിയും ബോദ്ധ്യമാകാത്തതു വിസ്മയകരം തന്നെ. ഇപ്പോഴത്തെ സമരമുറകൾ ഇത്തരത്തിൽ തുടരാൻ അനുവദിച്ചാൽ വലിയ വില കൊടുക്കേണ്ടിവരുമെന്നു തീർച്ച.