
തന്റെ മരണകാരണം തേടിയിറങ്ങുന്ന ഒരാത്മാവ്. അന്വേഷണം ചെന്നെത്തുന്നത് ആഭ്യന്തരകലാപത്താൽ രക്തരൂക്ഷിതമായ ശ്രീലങ്കയുടെ 1990കളിൽ. മാലി അൽമേഡ എന്ന ഫ്രീലാൻസ് ഫോട്ടോഗ്രാഫറിലൂടെ ലങ്കയുടെ മിത്തോളജിയും രാഷ്‌ട്രീയ പശ്ചാത്തലവും സമഗ്രമായി ആവിഷ്‌കരിച്ചപ്പോൾ ഷെഹാൻ കരുണതിലകയെ തേടിയെത്തിയത് 2022ലെ ബുക്കർ പ്രൈസ്. 'ദി സെവൻ മൂൺസ് ഓഫ് മാലി അൽമേഡ' എന്ന നോവലാണ് സമ്മാനാർഹമായത്.
മദ്യപാനിയും ചൂതാട്ടക്കാരനും സ്വവർഗാനുരാഗിയുമാണ് മാലി അൽമേഡ. അയാളുടെ കൊലപാതകത്തിലൂടെയാണ് നോവൽ ആരംഭിക്കുന്നത്. അൽമേഡയുടെ ശരീരമാസകലം പരിക്കേറ്റിട്ടുണ്ട്. എങ്ങനെയാണ് മരിച്ചതെന്ന് ആത്മാവിനറിയില്ല. അതറിഞ്ഞാലേ പാതിവഴിയിലെത്തിയ മരണാനന്തരയാത്ര പൂർത്തീകരിക്കാനും 'The Light" നെ കണ്ടുമുട്ടാനും പുനർജന്മം സാദ്ധ്യമാക്കാനും കഴിയൂ. മരണശേഷം എത്തിയ സ്ഥലത്ത് അഭിമുഖീകരിക്കുന്ന രസകരമായ സംഭവങ്ങളാണ് താൻ എങ്ങനെ മരിച്ചെന്ന അന്വേഷത്തിലേക്ക് അയാളെ നയിക്കുന്നത്. ചെന്നെത്തുന്നതോ തമിഴ്പുലികളും സർക്കാരും തമ്മിൽ പതിറ്റാണ്ടുകൾ നീണ്ടുനിന്ന ആഭ്യന്തരയുദ്ധത്തിന്റെ ഭീകരതയിലേക്കും ആയിരക്കണക്കിന് ശവശരീരങ്ങൾക്കിടയിലേക്കും. രാജ്യം അഭിമുഖീകരിച്ച കെട്ടകാലത്തിന്റെ കഥ തമാശയും ആക്ഷേപഹാസ്യവും ഇടകലർത്തിയാണ് പറയുന്നത്. 2020-ൽ 'ചാറ്റ്സ് വിത്ത് ദി ഡെഡ്' എന്ന പേരിൽ ഇന്ത്യയിൽ പ്രസിദ്ധീകരിച്ച നോവലാണ് 2022-ൽ 'ദി സെവൻ മൂൺസ് ഓഫ് മാലി അൽമെയ്ഡ' എന്നപേരിൽ ലോക വിപണിയിൽ പുന:പ്രസിദ്ധീകരിച്ചത്.
കരുണതിലകയുടെ രണ്ടാമത്തെ നോവലാണിത്. 2008-ൽ പ്രസിദ്ധീകരിച്ച 'ചൈനാമാൻ- ദി ലെജൻഡ് ഒഫ് പ്രദീപ് മാത്യു' ആണ് ആദ്യ നോവൽ. 1980-കളിൽ കാണാതായ ശ്രീലങ്കൻ ക്രിക്കറ്റ് താരത്തെ കണ്ടെത്താൻ മദ്യപാനിയായ പത്രപ്രവർത്തകന്റെ അന്വേഷണത്തിന്റെ കഥയാണിത്. ക്രിക്കറ്റിനെക്കുറിച്ച് ലോകത്തെ മികച്ച പുസ്തകങ്ങളിലൊന്നായി കണക്കാക്കപ്പെടുന്ന ഈ നോവലിന് ഡി.എസ്.സി. പ്രൈസ്, കോമൺവെൽത്ത് പ്രൈസ് ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. മുത്തയ്യ മുരളീധരനെക്കുറിച്ചുള്ള '800-ദി മുരളി സ്റ്റോറി'യുടെ തിരക്കഥ രചിച്ചത് കരുണതിലകയാണ് .
ദ ഗാർഡിയൻ, നാഷണൽ ജിയോഗ്രാഫി എന്നിവയ്ക്കായി സ്‌പോർട്‌സ്, സംഗീതം, യാത്ര എന്നിവയിൽ ഫീച്ചറുകളും എഴുതിയിട്ടുണ്ട്. 'ദി ബർത്ത് ലോട്ടറി ആന്റ് അദർ സർപ്രൈസസ്' എന്ന ചെറുകഥാസമാഹാരമാണ് അടുത്ത പുസ്തകം.
1975 ൽ ശ്രീലങ്കയിലെ ഗാലെയിൽ ജനിച്ച അദ്ദേഹം ന്യൂസിലൻഡിൽ വിദ്യാഭ്യാസം പൂർത്തിയാക്കി. ലണ്ടൻ, ആംസ്റ്റർഡാം, സിംഗപ്പൂർ എന്നിവിടങ്ങളിൽ ജോലിചെയ്തിട്ടുണ്ട്.