ഫോട്ടോഷോപ്പും മറ്റ് സാങ്കേതിക വിദ്യകളും കടന്നു വരുന്നത് മുൻപ് പരസ്യകലയിലും കലാസംവിധാനരംഗത്തും രാജാവായിരുന്നു കിത്തോ

മലയാളിയുടെ കണ്ണുകളെ ഉടുക്കുന്ന സിനിമ പോസ്റ്ററുകളുടെ ശില്പി.ഫോട്ടോഷോപ്പും മറ്റ് സാങ്കേതിക വിദ്യകളും കടന്നു വരുന്നത് മുൻപ് പരസ്യകലയിലും കലാസംവിധാനരംഗത്തും രാജാവായിരുന്ന കിത്തോ ഇന്നലെ യാത്രയായി.കൊച്ചിയിൽ ജനിച്ച കിത്തോ വിദ്യാർത്ഥിയായിരിക്കുമ്പോൾ തന്നെ ചിത്രരചനയിൽ കഴിവ് തെളിയിച്ചു. ചിത്രരചനയോടൊ ശിൽപനിർമാണത്തിലും സ്വയം പരിശീലനം നേടിയ കിത്തോ സ്കൂൾ കാലത്തു തന്നെ ചിത്രങ്ങൾ വരച്ച് വരുമാനം കണ്ടെത്തിയിരുന്നു. പ്രൊഫഷനൽ ആർട്ടിസ്റ്റാവുക എന്ന ലക്ഷ്യത്തോടെ പ്രീഡിഗ്രി പഠനം ഉപേക്ഷിച്ച കിത്തോ കൊച്ചിൻ ആർട്സിൽ പഠിക്കാൻ തുടങ്ങി. നാലുവർഷത്തെ പഠനം പൂർത്തിയാക്കിഎം.ജി റോഡിൽ കിത്തോ ഇലസ്ട്രേഷൻ ആൻഡ് ഗ്രാഫിക്സ് ആരംഭിച്ചു.ചെറുപ്പംമുതൽകിത്തോക്ക് തിരക്കഥാകൃത്ത് കലൂർഡെന്നിസു മായി അടുത്ത പരിചയമുണ്ടായിരുന്നു. അക്കാലത്ത് കലൂർ ഡെന്നിസ് ചിത്രകൗമുദി ഉൾപ്പെടെയുള്ള വാരികകളിൽ ചെറുകഥകളും നോവലും എഴുതിയിരുന്നു. ഡെന്നിസിന്റെ കഥകൾക്ക് ഇലസ്ട്രേഷൻ വരച്ചാണ് കിത്തോയുടെ തുടക്കം. പിന്നീട് ഡെന്നിസുമായി ചേർന്ന് ചിത്രപൗർണമി സിനിമ വാരിക ആരംഭിച്ചു. ഇതിലൂടെ ധാരാളം സിനിമാക്കാരുമായി പരിചയപ്പെടാൻ അവസരം ലഭിച്ചു. 1970ൽ ഐ.വി. ശശി സംവിധാനം ചെയ്ത ഈ മനോഹരതീരം എന്ന ചിത്രത്തിൽ കലാസംവിധായകനായി പ്രവർത്തിച്ചാണ് രംഗപ്രവേശം .െഎ.വി ശശിയുടെയും ജേസിയുടെയും ചിത്രങ്ങളിലൂടെ സജീവമായ കിത്തോയുടെ ചിത്രങ്ങൾ വലിയ ചർച്ചയായി മാറുകയും ചെയ്തു. കെ.എസ് സേതുമാധവൻ സംവിധാനം ചെയ്ത ആരോരുമറിയാതെ എന്ന ചിത്രത്തിനു വേണ്ടി സിക്സ് ഷീറ്റിൽ രഥം വലിക്കുന്ന കാർട്ടൂൺ പോസ്റ്റർ ഏറെ പ്രശസ്തി നേടി കൊടുത്തു.
നൂറിലധികം ചിത്രങ്ങൾക്ക് പരസ്യകലയും അമ്പതിലധികം സിനിമകൾക്ക് കലാസംവിധാനവും നിർവഹിച്ചു. മോഹൻ സംവിധാനം ചെയ്ത ആലോലം സിനിയുടെ കഥ കിത്തോയുടേതാണ്. കമൽ സംവിധാനം ചെയ്ത ഉണ്ണിക്കൃഷ്ണന്റെ ആദ്യത്തെ ക്രിസ്മസ് നിർമിച്ചു. സിനിമ മേഖലയിൽ നിന്ന് പതുക്കെ പിന്മാറിയ കിത്തോ ആത്മീയ ജീവിതത്തിലേക്കും ബൈബിൾ സംബന്ധിയായ പുസ്തകങ്ങളുടെ വരകളിലേക്കും വഴിമാറി. കേരളത്തിലെ നിരവധി ദേവാലയങ്ങളുടെ അൾത്താര ജോലികളും പെയിന്റിംഗും നിർവഹിച്ചു മുന്നോട്ട്. കലാഭവൻ, സി .എ .സി എന്നിവയുടെ ലോഗോ രൂപകൽപ്പന ചെയ്തതും കിത്തോ തന്നെ. ഇളയ മകൻ കമൽ കിത്തോസ് ഡിസൈനസുമായി കിത്തോയുടെ പാതയിലുണ്ട്.