
തിരുവനന്തപുരം: വ്യാപകമായിരുന്ന അഴിമതിയെന്ന വിപത്തിനെ മാറ്റിനിറുത്താനായത് സംസ്ഥാനത്തിന്റെ നേട്ടമാണ്. നേതൃതലത്തിൽ അഴിമതി ഇല്ലാതാക്കി. നിയമനത്തിലും സ്ഥലംമാറ്റത്തിലും വ്യാപകമായിരുന്ന അഴിമതി ഒഴിവാക്കാനായി. അഴിമതി തുറന്ന് കാട്ടാനും എതിർക്കാനും യുവ തലമുറ ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന അഴിമതി രഹിത കേരളം പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സുസ്ഥിര വികസനത്തിന് അഴിമതി രഹിത ഭരണം ആവശ്യമാണെന്ന കാഴ്ചപ്പാടോടെയാണ് സർക്കാർ മുന്നോട്ടു പോകുന്നത്. അഴിമതിക്കെതിരെ മുഖ്യമന്ത്രി തെളിച്ച തിരിനാളം സംസ്ഥാനത്തുടനീളം ജ്വലിച്ച് നിൽക്കട്ടെയെന്ന് ആർച്ച് ബിഷപ്പ് മാർ ബസേലിയോസ് കാതോലിക്കാബാവ ആശംസിച്ചു. അഴിമതിയില്ലാത്ത നാട് സ്വപ്നമാണെന്നും ഇത്തരം പരിപാടികൾക്ക് പൂർണ്ണ പിന്തുണയുണ്ടെന്നും സിനിമാതാരം നിവിൻ പോളി പറഞ്ഞത് നിറഞ്ഞ കരഘോഷത്തോടെയാണ് സദസ്സ് ഏറ്റെടുത്തത്. അഴിമതിക്കെതിരെയുള്ള ലഘു നാടകത്തിന്റെ ഉദ്ഘാടനവും നടൻ നിർവഹിച്ചു. 31 മുതൽ നവംബർ 5 വരെ സ്‌കൂളുകൾ, റെസിഡൻസ് അസോസിയേഷനുകൾ, സർക്കാർ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ വിജിലൻസ് ബോധവത്കരണ വാരാചരണം നടത്തും. വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം, വിജിലൻസ് ഐ.ജി എച്ച്. വെങ്കിടേഷ്, എസ്.പി ഇ.എസ്. ബിജുമോൻ തുടങ്ങിയവർ പങ്കെടുത്തു.
ലഹരിമുക്ത ചങ്ങലയിൽ
ജനങ്ങൾ പങ്കാളികളാകണം
മയക്കുമരുന്നിന് അടിമപ്പെടുന്ന ആളുകൾ സാധാരണ മനുഷ്യ വികാരങ്ങളിൽ നിന്ന് മാറിപ്പോകും. ശരിയും തെറ്റും തിരിച്ചറിയാൻ കഴിയാത്ത സാഹചര്യമാണുണ്ടാവുക. കോഴിക്കോട്ട് ലഹരിക്കടിമയായി മാതാപിതാക്കളെ ആക്രമിച്ച മകന്റെ കാര്യം മുഖ്യമന്ത്രി ഓർമ്മപ്പെടുത്തി. നവംബർ ഒന്നിന് ലഹരിവിപത്തിനെതിരെ മനുഷ്യച്ചങ്ങല തീർക്കും. വിദ്യാർത്ഥികളും നാട്ടുകാരും പ്രമുഖ വ്യക്തികളും അദ്ധ്യാപകരും ലഹരിമുക്ത ചങ്ങലയിൽ പങ്കാളിയാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.