photo1

പാലോട്: സംസ്ഥാനപാതയിൽ തിരുവനന്തപുരം - ചെങ്കോട്ട റോഡിൽ വഞ്ചുവത്തിന് സമീപം മണ്ണിടിഞ്ഞ് റോഡിലേക്ക് വീണു. ഗതാഗതം പൂർണമായും തടസപ്പെട്ടു.കഴിഞ്ഞ ദിവസം പുലർച്ചേ 4ഓടെയായിരുന്നു സംഭവം. കുറച്ചു ദിവസങ്ങൾക്ക് മുൻപ് അനധികൃത മണ്ണിടിപ്പ് നടന്ന ഭാഗത്താണ് മണ്ണിടിഞ്ഞത്.മണിക്കൂറുകളോളം ഇതുവഴിയുള്ള ഗതാഗതം തടസപ്പെട്ടിരുന്നു.പൊലീസും, ഫയർഫോഴ്‌സും സ്ഥലത്തെത്തി മണ്ണ് നീക്കിയതിനെ തുടർന്ന് ഗതാഗതം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ കുറച്ചു മാസങ്ങൾക്ക് മുൻപ് ഇതേ സ്ഥലത്ത് മണ്ണിടിച്ചു മാറ്റിയതിനെ തുടർന്ന് കുന്നിടിഞ്ഞ് വീണ് ഗതാഗതം സ്തംഭിച്ചിരുന്നു. ഈ പ്രദേശത്തെ അനധികൃത മണ്ണിടിക്കലിനെക്കുറിച്ച് നിരവധി പരാതികൾ അധികാരികൾക്ക് അയച്ചിരുന്നു എങ്കിലും യാതൊരു നടപടികളും നാളിതുവരെ ഉണ്ടായിട്ടില്ല. നിലവിൽ മണ്ണിടിച്ചിലുണ്ടായ സ്ഥലത്തിന് സമീപം താമസിക്കുന്നവർ ഭീതിയിലാണ്.നിരവധി വാഹനങ്ങൾ കടന്നു പോകുന്ന സ്ഥലത്തുണ്ടായ മണ്ണിടിച്ചിലുണ്ടായ സമയം വാഹനങ്ങൾ ഇല്ലാതിരുന്നതിനാൽ വൻ ദുരന്തമാണ് ഒഴിവായത്.