
വിതുര: തുടർച്ചയായുണ്ടായ ശക്തമായ മഴയിൽ തൊളിക്കോട് പഞ്ചായത്തിലെ മാങ്കോട്ടുകോണത്തുണ്ടായ മണ്ണിടിച്ചിലിൽ റോഡരികിലെ മൺതിട്ട തകർന്നു. മാങ്കോട്ടുകോണം ഷംസുദ്ദീന്റെ ആട്ടിൻകൂട് മണ്ണിനടിയിലാകുകയും,അഞ്ച് ആടുകൾ ചാവുകയും ചെയ്തു.അശാസ്ത്രീയമായ രീതിയിൽ റോഡരിക് ഇടിച്ച് വീതി കൂട്ടിയതാണ് മണ്ണിടിച്ചിലിന് കാരണമെന്ന പരാതിയുണ്ട്.റോഡരികിലെ മൺതിട്ട വൻതോതിൽ ഇടിച്ച് വീതിക്കൂട്ടിയെങ്കിലും സംരക്ഷണഭിത്തി ഇതുവരെയും നിർമ്മിച്ചിട്ടില്ല. ഇതുമൂലമാണ് റോഡരിക് ഇടിഞ്ഞുവീണതെന്ന് മാങ്കോട്ടുകോണം പ്രദേശവാസികൾ പറയുന്നു.മണ്ണിടിച്ചിലിൽ വീടുകൾക്ക് ബലക്ഷയം സംഭവിച്ചതിനെത്തുടർന്ന് വീടുകളിലുള്ളവരെ കഴിഞ്ഞദിവസം മാറ്റിപ്പാർപ്പിച്ചിരുന്നു.ഇടിഞ്ഞതിന്റെ ബാക്കി ഭാഗവും നിലംപൊത്താവുന്ന അവസ്ഥയിലായതിനാൽ സമീപത്ത് താമസിക്കുന്നവരും ഭീതിയിലാണ്. മണ്ണിടിച്ചിലുണ്ടായ ഭാഗത്തെ മരങ്ങൾ മുറിച്ചുമാറ്റി.
പൊൻമുടി അടഞ്ഞുതന്നെ
കഴിഞ്ഞ ദിവസങ്ങളിൽ തുടർച്ചയായി പെയ്ത മഴയിൽ പൊൻമുടി കല്ലാർ റോഡിൽ രണ്ടിടത്തായി മണ്ണിടിച്ചിലുണ്ടായി. റോഡ് നിർമ്മാണ പ്രവർത്തനങ്ങൾക്ക് മഴയൊരു തടസമായി മാറിയിട്ടുണ്ട്. മഴയത്ത് റോഡ് തകർന്നതിനെ തുടർന്ന് ഒരുമാസമായി പൊൻമുടി അടച്ചിട്ടിരിക്കുകയാണ്. മഴ തുടർന്നാൽ റോഡ്പണി നീളുമെന്നും പൊൻമുടി തുറക്കാൻ ഇനിയും വൈകുമെന്നും വനംവകുപ്പ് വ്യക്തമാക്കുന്നു.
ഷട്ടറുകൾ വീണ്ടും ഉയർത്തി
പേപ്പാറ വനമേഖലയിൽ ഇന്നലെയും ശക്തമായ മഴപെയ്തതിനെ തുടർന്ന് ജലനിരപ്പ് ഉയരുകയും ഡാമിന്റെ ഷട്ടറുകൾ വീണ്ടും പത്ത് സെന്റീമീറ്റർ വീതം ഉയർത്തുകയും ചെയ്തു.