തിരുവനന്തപുരം: ആയുർവേദ കോളേജിനു സമീപം ദേവസ്വം ബോർഡ് കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഹോട്ടലിന്റെ പാർക്കിംഗിനായി പൊതുമരാമത്ത് വകുപ്പിന്റെ റോഡ‌് കോർപ്പറേഷൻ വാടകയ്‌ക്ക് നൽകിയ വിഷയത്തിൽ മന്ത്രി പി.എ. മുഹമ്മദ് റിയാസ് കോർപ്പറേഷനുമായി ഇന്ന് ചർച്ച നടത്തും. പാർക്കിംഗ് അനുവദിച്ച കാര്യം വിവാദമായതോടെ അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ മരാമത്ത് ചീഫ് എൻജിനിയറോട് മന്ത്രി നിർദ്ദേശിച്ചിരുന്നു. മേയർ ആര്യാ രാജേന്ദ്രനും ഉദ്യോഗസ്ഥരും മരാമത്ത് എൻജിനിയർമാരും ചർച്ചയിൽ പങ്കെടുക്കും.
പൊതുമരാമത്ത് വകുപ്പിന്റെ സ്ഥലങ്ങളിൽ ചോദിക്കാതെയും പറയാതെയും എന്തെങ്കിലും ചെയ്യാൻ ആരെയും ഏല്പിച്ചിട്ടില്ലെന്ന് ഇതുസംബന്ധിച്ച ചോദ്യത്തിന് മന്ത്രി വാർത്താസമ്മേളനത്തിൽ മറുപടി നൽകി. മരാമത്ത് വക സ്ഥലങ്ങൾ മറ്റാവശ്യങ്ങൾക്കുവേണ്ടി ഉപയോഗിക്കാൻ പാടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എം.ജി റോഡിലെന്നല്ല സംസ്ഥാനത്ത് എവിടെയെങ്കിലും പി.ഡബ്ല്യു.ഡിയുടെ സ്ഥലങ്ങൾ കൈയേറിയിട്ടുണ്ടെങ്കിൽ തിരിച്ചുപിടിക്കാനുള്ള നടപടികൾ സ്വീകരിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്.
കൈയേറ്റങ്ങൾ കണ്ടെത്തുകയും ആ സ്ഥലങ്ങൾ ജനങ്ങൾക്ക് ഉപകാരപ്രദമായ രീതിയിൽ എങ്ങനെ ഉപയോഗിക്കാനാകുമെന്നതിനെക്കുറിച്ച് റിപ്പോർട്ട് നൽകാനും ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. കഴിഞ്ഞയാഴ്ച ചേർന്ന മരാമത്ത് യോഗത്തിൽ ഇക്കാര്യം തീരുമാനിച്ചിട്ടുണ്ട്. കംഫർട്ട് സ്റ്റേഷനുകളുടെ അഭാവമാണ് കേരളത്തിൽ ഇപ്പോഴുള്ള വലിയ പ്രശ്‌നങ്ങളിലൊന്ന്. ഇങ്ങനെയുള്ള സ്ഥലങ്ങളിൽ കംഫർട്ട് സ്റ്റേഷനുകൾ സ്ഥാപിക്കാനാകുമോയെന്നത് ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു.