pp

വർക്കല : ഇലകമൺ ഗ്രാമപഞ്ചായത്തിലെ പട്ടന്റെ തേരിയിൽ പ്രവർത്തിക്കുന്ന 4 കടമുറികൾ പൂർണമായും കത്തിനശിച്ചു. ചൊവ്വാഴ്ച പുലർച്ചെ 3 മണിയോടെയാണ് സംഭവം.മുട്ടപ്പലം തൊടിയിൽ വീട്ടിൽ വിക്ടറിന്റെ 2 പ്രൊവിഷൻ സ്റ്റോറും അയിരൂർ കളത്തറയിൽ ഫസിലിന്റെ രണ്ട് ആക്രിക്കടകളുമാണ് കത്തിനശിച്ചത്.കടയ്ക്കു മുന്നിൽ പാർക്ക് ചെയ്തിരുന്ന വിക്ടറിന്റെ സ്കൂട്ടറും,കടയിൽ സൂക്ഷിച്ചിരുന്ന എ.ടി.എം കാർഡ്,പ്രമാണം, ഇരുപതിനായിരം രൂപ തുടങ്ങി വിലപ്പെട്ട രേഖകളും കത്തിനശിച്ചു.സംഭവ സമയം വിക്ടർ കടയിൽ ഉറങ്ങിക്കിടക്കുകയായിരുന്നു. തീ ആളിപ്പടരുന്നത് കണ്ട് കടയുടെ ആസ്പറ്റാസ്ഷീറ്റ് പൊളിച്ച് പുറത്തേക്കിറങ്ങി രക്ഷപ്പെടുകയായിരുന്നു. ആക്രിക്കടയിലെ സാധനസാമഗ്രികൾ പൂർണമായും കത്തിനശിച്ചു.വിവരം അറിയിച്ചതിനെതുടർന്ന് വർക്കല,പരവൂർ ഫയർ സ്റ്റേഷനുകളിൽ നിന്ന് രണ്ട് യൂണിറ്റുകൾ എത്തിയാണ് തീ കെടുത്തിയത്. വർക്കല ഫയർ ഫോഴ്സ് അസി.സ്റ്റേഷൻ ഓഫീസർ അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം മൂന്നര മണിക്കൂറത്തെ പരിശ്രമത്തിനൊടുവിലാണ് തീ അണച്ചത്. അയിരൂർ കടയിൽ വീട്ടിൽ സൈനലാബുദീന്റെ ഉടമസ്ഥതയിലുള്ളതാണ് കടമുറികൾ.ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് അനുമാനിക്കുന്നു. ഏകദേശം പതിനഞ്ച് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി വർക്കല ഫയർഫോഴ്സ് അറിയിച്ചു.