start

തിരുവനന്തപുരം: വെജിറ്റേറിയൻ ഹോട്ടലിൽ നിന്ന് മസാലദോശയും നോൺ-വെജ് ഹോട്ടലിൽ നിന്ന് സ്വാദൂറും ചിക്കൻ ബിരിയാണിയും കഴിക്കാൻ തോന്നിയാൽ എന്തു ചെയ്യും?​ രണ്ടിടത്തും കയറണം. അല്ലെങ്കിൽ ഓൺലൈനിൽ രണ്ടിടങ്ങളിലായി ബുക്ക് ചെയ്യണം. എന്നാൽ,​ ഇനിയത് വേണ്ട! ഒറ്റ ബില്ലിൽ രണ്ട് ഹോട്ടലുകളിലും ഒന്നിച്ച് ഇഷ്ട ഭക്ഷണങ്ങൾ ബുക്ക് ചെയ്യാം. ഒന്നിച്ച് നിയുക്തസ്ഥലത്ത് സ്വീകരിക്കാം.

ഉപഭോക്താക്കൾക്ക് ഒന്നിലധികം റെസ്റ്റോറന്റുകളിൽ നിന്ന് ഒറ്റ ബില്ലിൽ ഭക്ഷണം തിരഞ്ഞെടുക്കാനും നിയുക്തസ്ഥലത്ത് സ്വീകരിക്കുന്നതിനുമായി സൗകര്യം ഒരുക്കിയിരിക്കുകയാണ് വെർസിക്കിൾസ് ടെക്‌നോളജീസ് എന്ന സ്‌റ്റാർട്ടപ്പ്. സ്മാർട്ട് കിയോസ്‌ക് ഉത്‌പന്നമായ 'വെൻഡിഗോ" പോർട്ടലാണ് ഇവർ അവതരിപ്പിച്ചത്.

മനോജ് ദത്തൻ (സ്ഥാപക സി.ഇ.ഒ), അനീഷ് സുഹൈൽ (സ്ഥാപക സി.ടി.ഒ), കിരൺ കരുണാകരൻ എന്നിവർ ചേർന്ന് രൂപീകരിച്ചതാണ് വെർസിക്കിൾസ് ടെക്‌നോളജീസ്. ഉപഭോക്താവിന് വെൻഡിഗോ പോർട്ടലിൽ ഭക്ഷണം ഓർഡർ ചെയ്യാം. അത് എത്തിക്കേണ്ട സമയവും സ്ഥലവും രേഖപ്പെടുത്താം. ഓർഡർ ചെയ്യാനുള്ള സംവിധാനം പേമെന്റ് ഗേറ്റ്‌വേകളുമായി സംയോജിപ്പിച്ചിട്ടുണ്ട്. പേമെന്റ് കഴിഞ്ഞാൽ കിയോസ്‌ക് ബോക്സ് നമ്പറുള്ള ഒ.ടി.പി ലഭിക്കും.

ടേക്ക്ഔട്ട് റെസ്‌റ്റോറന്റ്

ഒരു ടേക്ക്ഔട്ട് റെസ്റ്റോറന്റ് ഒരുക്കാനുള്ള എല്ലാ അടിസ്ഥാനസൗകര്യങ്ങളും വെൻഡിഗോ നൽകും. അടുക്കളസ്ഥലം,​ സോഫ്റ്റ്‌വെയർ വാങ്ങൽ, ഡെലിവറി കിയോസ്‌ക്, മാർക്കറ്റിംഗ്, പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കൽ, ഉപഭോക്തൃസേവനം മെച്ചപ്പെടുത്തൽ, കിയോസ്‌ക് ഡെലിവറി പ്രോത്സാഹിപ്പിക്കൽ തുടങ്ങിയവ ഇതിലുൾപ്പെടുന്നു.

റെസ്റ്റോറന്റുകളുടെ ഡിസ്‌കൗണ്ടുകൾ, ഓഫറുകൾ, അറിയിപ്പുകൾ, സോഷ്യൽ മീഡിയ പ്രമോഷനുകൾ എന്നിവയിലൂടെ ഉപഭോക്താക്കളുമായി ഇടപഴകാനും പോർട്ടൽ സഹായിക്കും.