ll

വർക്കല: വർക്കല ശിവഗിരി റെയിൽവേ സ്റ്റേഷനിലെ വാഹന പാർക്കിംഗ് കാരണം യാത്രക്കാർക്ക് സ്റ്റേഷനിൽ പ്രവേശിക്കുന്നതിന് ബുദ്ധിമുട്ടുകൾ നേരിടുന്നതായി പരാതി. ടൂവീലറുകൾ ഉൾപ്പെടെയുള്ള വാഹനങ്ങളുടെ പാർക്കിംഗാണ് യാത്രക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നത്.

പണം കൊടുത്ത് വാഹനങ്ങൾ പാർക്കിംഗ് ചെയ്യാമെന്നിരിക്കെ ഒട്ടുമിക്കവരും നോ പാർക്കിംഗ് ഇടത്തിലാണ് വാഹനങ്ങൾ പാർക്ക് ചെയ്തിട്ട് പോകുന്നത്. ഇത് കാരണം യാത്രക്കാരെ വിളിക്കാനോ കൊണ്ടുവിടാൻ വരുന്ന കാർ ഉൾപ്പെടെയുള്ള വാഹനങ്ങൾക്ക് ഉള്ളിൽ പ്രവേശിക്കാനോ വളരെ ബുദ്ധിമുട്ടാണ് നേരിടുന്നത്. ഒരു അത്യാഹിതം സംഭവിച്ചാൽ പോലും ആംബുലൻസിന് അകത്ത് പ്രവേശിക്കാൻ കഴിയാത്ത സ്ഥിതിവിശേഷമാണ് നിലനിൽക്കുന്നത്. വികലാംഗർക്ക് വേണ്ടി മാത്രം പാർക്കിംഗ് ഒരുക്കിയിടങ്ങളിൽ അനധികൃത പാർക്കിംഗും ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു.

സ്റ്റേഷന്റെ കിഴക്കുവശം മാർത്തോമ്മാ സ്കൂളിനു മുന്നിൽ ഇടുങ്ങിയ പാതയിൽ അനധികൃത പാർക്കിംഗ് കാരണം വാഹനങ്ങളിൽ പോകുന്നവർക്ക് വളരെയേറെ ബുദ്ധിമുട്ട് ഉണ്ടാകുന്നുണ്ട്. മുൻകാലങ്ങളിൽ ആർ.പി.എഫ് സ്ഥിരമായി നോ പാർക്കിംഗ് ഇടങ്ങളിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്ക് പിഴ ഈടാക്കുന്ന പതിവ് ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ പൊലീസിന്റെ നിരീക്ഷണം ഇല്ലാത്തത് കാരണമാണ് പലരും വാഹനങ്ങൾ തോന്നിയപോലെ പാർക്ക് ചെയ്തിട്ട് പോകുന്നത്.

വർക്കല മൈതാനം റെയിൽവേ സ്റ്റേഷൻ റോഡിന്റെ പ്രധാന ഭാഗത്താണ് വർക്കല ശിവഗിരി റെയിൽവേ സ്റ്റേഷൻ സ്ഥിതിചെയ്യുന്നത്. സ്റ്റേഷനുമുന്നിലുള്ള പൊതുനിരത്തിൽ വാഹനങ്ങൾ അനധികൃതമായി പാർക്ക് ചെയ്യുന്നതിനാൽ മറ്റു വാഹനങ്ങൾക്ക് കടന്നുപോകാൻ ഏറെ ബുദ്ധിമുട്ടുകയാണ്ളാ. മാർഗ്ഗതടസ്സം സൃഷ്ടിക്കുന്ന തരത്തിൽ റെയിൽവേ സ്റ്റേഷന് മുന്നിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കണമെന്നാണ് പൊതു ആവശ്യം.