-r-bindu

തിരുവനന്തപുരം: കേരള സർവകലാശാലാ വൈസ് ചാൻസലർ ഡോ. വി.പി. മഹാദേവൻ പിള്ള 24ന് വിരമിക്കുമ്പോൾ, ചുമതല എം.ജി, സംസ്കൃത സർവകലാശാലകളിലൊന്നിന്റെ വി.സിക്ക് നൽകണമെന്ന ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദുവിന്റെ ശുപാർശ ഗവർണർ തള്ളി. സർവകലാശാലകളുടെ പ്രോ ചാൻസലറെന്ന നിലയ്ക്കാണ് മന്ത്രി ഗവർണർക്ക് ശുപാർശ നൽകിയത്. കേരള, കാലിക്ക​റ്റ്, കണ്ണൂർ, എംജി, കുസാ​റ്റ്, സർവകലാശാലകളിലെ 10 വർഷം പൂർത്തിയാക്കിയ പ്രൊഫസർമാരുടെ പട്ടിക ഗവർണർ ആവശ്യപ്പെട്ടതിനു പിന്നാലെയായിരുന്നു ഇത്.

കാർഷിക സർവകലാശാലയിലൊഴികെ മറ്റെല്ലായിടത്തും വി.സിയുടെ താത്കാലിക ചുമതല സ്വന്തം നിലയിൽ കൈമാറാൻ ഗവർണർക്ക് അധികാരമുണ്ട്. കാർഷിക സർവകലാശാലയിൽ പ്രോ ചാൻസലറായ കൃഷി മന്ത്രിയുമായി കൂടിയാലോചിച്ചായിരിക്കണം ചുമതല കൈമാറേണ്ടത്. എം.ജി, സംസ്കൃത വി.സിമാരോട് ഗവർണർ സൗഹൃദത്തിലല്ല. എം.ജി സർവകലാശാലയിൽ ഉടനീളം വിദ്യാർത്ഥി സംഘടനകളുടെ പോസ്റ്ററുകൾ പതിച്ചതിനെതിരെ നടപടിയെടുക്കാൻ ഗവർണർ ആവശ്യപ്പെട്ടെങ്കിലും, വി.സി അനങ്ങിയില്ല. മുഖ്യമന്ത്റിയുടെ സമ്മർദ്ദത്തിന് വഴങ്ങിയാണ് ചട്ടവിരുദ്ധമായി സംസ്‌കൃത സർവകലാശാലയിലെ വൈസ് ചാൻസലർ നിയമനം താൻ അംഗീകരിച്ചതെന്ന വിലയിരുത്തലിലാണ് ഗവർണർ.

ഗവർണർ ആവശ്യപ്പെട്ട മുതിർന്ന പ്രൊഫസർമാരുടെ പട്ടിക വി.സിമാർ രാജ്ഭവനിലെത്തിച്ചിട്ടുണ്ട്. കേരള സർവകലാശാലയിൽ മുതിർന്ന പ്രൊഫസർക്ക് വി.സിയുടെ ചുമതല നൽകാനാണിട. കേരളയിൽ പത്ത് പ്രൊഫസർമാർ പത്തു വർഷം സേവനം പൂർത്തിയാക്കിയവരാണ്. കേരളയ്ക്ക് പിന്നാലെ, എം.ജിയിലും വി.സി ഒഴിവ് വരുന്നുണ്ട്.