തിരുവനന്തപുരം: ശ്രീകാര്യം ഫ്ളൈഓവർ നിർമ്മാണത്തിനുള്ള ഭൂമി ഏറ്റെടുക്കൽ നടപടികൾ 90 ശതമാനം പൂർത്തിയായി. ഈ മാസം അവസാനത്തോടെ ശേഷിക്കുന്ന ഭൂമി ഏറ്റെടുത്തശേഷം ഡിസംബറോടെ നിർമ്മാണം തുടങ്ങും. ഏറ്റെടുത്ത ഭൂമിയിൽ ഒന്നാംഘട്ടത്തിൽ പൊളിച്ചുമാറ്റാൻ ടെൻഡർ നൽകിയ കല്ലമ്പള്ളി മുതൽ ശ്രീകാര്യം ലയോള റോഡ് വരെയുള്ള 60 കെട്ടിടങ്ങൾ ഇതിനോടകം പൊളിച്ചുമാറ്റിയിട്ടുണ്ട്.

രണ്ടാംഘട്ടത്തിലെ കെട്ടിടങ്ങൾ പൊളിക്കുന്നതിനുള്ള ടെൻഡർ ക്ഷണിച്ചതിനൊപ്പം മൂന്നാംഘട്ട പൊളിക്കലിനുള്ള ടെൻഡർ നടപടികളും പുരോഗതിയിലാണ്. 163 കെട്ടിടങ്ങളാണ് മൂന്നുഘട്ടങ്ങളിലായി പൊളിച്ചുനീക്കേണ്ടത്. പ്രതികൂല കാലാവസ്ഥയാണ് സെപ്‌തംബറിൽ പൂർ‌ത്തിയാക്കാൻ തീരുമാനിച്ചിരുന്ന കെട്ടിടം പൊളിക്കലിന് നേരിയ തടസമായത്. അതിവേഗത്തിൽ കെട്ടിടങ്ങൾ പൊളിച്ചുനീക്കി സ്ഥലം നി‌ർമ്മാണത്തിനായി കൈമാറാൻ കഴിയുമെന്നാണ് നിർമ്മാണച്ചുമതല വഹിക്കുന്ന കേരള റാപ്പിഡ് ട്രാൻസിറ്റ് കോർപ്പറേഷൻ ലിമിറ്റഡിന്റെ പ്രതീക്ഷ.

കിഫ്‌ബി സഹായത്തോടെയുള്ള പദ്ധതിയിൽ ശ്രീകാര്യം ജംഗ്ഷന്റെ സമഗ്ര വികസനവും ഉൾപ്പെടുത്തിയിട്ടുണ്ട്. നിർദ്ദിഷ്ട ലൈറ്റ് മെട്രോയുടെ സാങ്കേതിക ആവശ്യകതകൾ കൂടി ഉൾക്കൊള്ളിച്ചാണ് രൂപകല്പന.168 ഭൂവുടമകളിൽ നിന്ന് 1.327 ഹെക്ടർ ഭൂമിയാണ് പദ്ധതിക്കായി ഏറ്റെടുത്തത്. ഭൂമിയേറ്റെടുക്കുന്നതിനും പുനരധിവാസത്തിനുമായി 96 കോടി രൂപയാണ് ചെലവായത്. കെട്ടിടം പൊളിക്കൽ പൂർത്തിയായാൽ പദ്ധതി ഉടൻ ടെൻഡർ ചെയ്യും.

ഡിസംബറിൽ നിർമ്മാണം ആരംഭിച്ച് 18 മാസം കൊണ്ട് പൂർത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷ. ജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ടും ട്രാഫിക് ബ്ലോക്കും ഒഴിവാക്കാൻ സർവീസ് റോഡ് നിർമ്മാണവും യൂട്ടിലിറ്റി ഷിഫ്റ്റിംഗും നടത്തിയ ശേഷമായിരിക്കും നിർമ്മാണം ആരംഭിക്കുക. തർക്കങ്ങളോ കേസുകളോ ഇല്ലാതെ പദ്ധതിയുടെ ഭൂമി ഏറ്റെടുക്കലും പുനരധിവാസവും പൂർത്തിയാക്കാൻ കഴിഞ്ഞിട്ടുണ്ട്.

 നാലുവരിപ്പാതയടക്കം ഫ്ലൈഓവറിന്

135.37 കോടി രൂപ ചെലവ്

 ഇരുവശത്തും 7.5 മീറ്റർ വീതം

ആകെ 15 മീറ്റർ വീതി

 535 മീറ്റർ നീളം

 5.5 മീറ്റർ വീതിയിൽ സർവീസ് റോഡ്

ശ്രീകാര്യം ഫ്ളൈഓവറിനായുള്ള ഭൂമി ഏറ്റെടുക്കൽ അന്തിമഘട്ടത്തിലാണ്. കെട്ടിടം പൊളിക്കൽ കൂടി പൂർത്തിയാക്കി വരുംമാസങ്ങളിൽ നിർമ്മാണം ആരംഭിക്കാനാകുമെന്നാണ് കരുതുന്നത്. ജംഗ്ഷൻ വികസനവും ഫ്ളൈഓവറും നടപ്പാകുന്നതോടെ കാലങ്ങളായുള്ള ഗതാഗതക്കുരുക്കിന് പരിഹാരമാകും.

കടകംപള്ളി സുരേന്ദ്രൻ

എം.എൽ.എ