arif-muhammed-khan

തിരുവനന്തപുരം: സെനറ്റ് യോഗത്തിൽ ക്വോറം തികയ്‌ക്കാതെ തന്നെ കബളിപ്പിച്ച 15 അംഗങ്ങളെ പുറത്താക്കിയ ഉത്തരവ് അവ്യക്തതയും നിയമ തടസവും കാരണം നടപ്പാക്കാനാവില്ലെന്നും, അതിനാൽ പിൻവലിക്കണമെന്നും ചാൻസലറായ ഗവർണർക്ക് വൈസ് ചാൻസലറുടെ കത്ത്. പിന്നാലെ, താൻ നാമനിർദ്ദേശം ചെയ്ത 15 സെനറ്റംഗങ്ങളെയും പുറത്താക്കിയ ഉത്തരവ് ഇന്ന് തന്നെ നടപ്പാക്കണമെന്ന് അന്ത്യശാസനം നൽകി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.

സെനറ്റംഗങ്ങളെ പുറത്താക്കിയ ഗവർണറുടെ ഉത്തരവിൽ പ്രിൻസിപ്പൽ സെക്രട്ടറിയാണ് ഒപ്പിട്ടിരിക്കുന്നതെന്നും, വകുപ്പു മേധാവികളെ പുറത്താക്കിയത് നിയമ വിരുദ്ധമാണെന്നുമാണ് വി.സി ഡോ. വി.പി. മഹാദേവൻപിള്ളയുടെ കത്തിൽ പറയുന്നത്.

എക്സ് ഒഫിഷ്യോ അംഗങ്ങളായ നാല് വകുപ്പു മേധാവികൾ ഔദ്യോഗിക തിരക്കുകൾ കാരണമാണ് യോഗത്തിൽ പങ്കെടുക്കാതിരുന്നതെന്നും വി.സിയുടെ കത്തിലുണ്ട്.

എന്നാൽ, സർവകലാശാലയുടെ ഭരണത്തലവൻ താനാണെന്നും തന്റെ ഉത്തരവ് ഉടൻ നടപ്പാക്കിയിരിക്കണമെന്നുമാണ് ഗവർണർ വി.സിക്ക് നൽകിയ അന്ത്യശാസനം. ഗവർണറുടെ എല്ലാ ഉത്തരവുകളിലും സെക്രട്ടറിയാണ് ഒപ്പിടുന്നത്. വൈസ്ചാൻസലറെ നിയമിച്ചും, സെനറ്റംഗങ്ങളെയടക്കം നാമനിർദ്ദേശം ചെയ്തുമുള്ള ഉത്തരവുകളിലെല്ലാം ഒപ്പിടുന്നത് സെക്രട്ടറി തന്നെയെന്നും ഗവർണർ വ്യക്തമാക്കി. നിയമ വിരുദ്ധമാണ് പുറത്താക്കലെങ്കിൽ, അവർ കോടതിയെ സമീപിക്കട്ടെ. കോടതി നിർദ്ദേശ പ്രകാരം പ്രവർത്തിക്കാൻ താൻ ബാദ്ധ്യസ്ഥനാണ്. എക്സ് ഒഫിഷ്യോ അംഗങ്ങളായ വകുപ്പു മേധാവികളെ പി. സദാശിവം ഗവർണറായിരിക്കെ നാമനിർദ്ദേശം ചെയ്തതാണ്.

ഇവരെ മാറ്റി പുതിയ മേധാവികളെ നിയോഗിക്കാൻ തനിക്ക് അധികാരമുണ്ടെന്നും

ഗവർണർ ചൂണ്ടിക്കാട്ടി.

നിയമ പോരാട്ടങ്ങളിൽ

ജയം ഗവർണർക്ക്

■2011ൽ സെനറ്റിലെ ആറ് സർക്കാർ നോമിനികളെ പിൻവലിച്ചതിനെതിരേ കോടതിയെ സമീപിച്ചെങ്കിലും, ഗവർണറുടെ പ്രീതി നഷ്ടമായതിനാൽ തുടരാനാവില്ലെന്നായിരുന്നു കോടതി ഉത്തരവ്.

■2012ൽ തെറ്റായ നാമനിർദ്ദേശത്തിലൂടെ സെനറ്റിലെത്തിയ കൊല്ലം മുൻ എം.പി. പി. രാജേന്ദ്രനെയും മുൻമന്ത്രി സജി ചെറിയാനെയും നോട്ടീസ് പോലുമില്ലാതെ

ഗവർണർ പുറത്താക്കി.

■2012ൽ ഉന്നത വിദ്യാഭ്യാസ കൗൺസിൽ യോഗത്തിൽ ബഹളമുണ്ടാക്കിയതിന് എസ്.പി. ദീപക്കിനെ ശല്യക്കാരനെന്ന് ചൂണ്ടിക്കാട്ടി ഗവർണർ പുറത്താക്കിയതും കോടതി ശരിവച്ചു.