
വർക്കല: സ്‌കൂൾ വിദ്യാർത്ഥികൾക്കിടയിൽ ശാസ്ത്ര അവബോധവും സാങ്കേതിക വിദ്യാഭ്യാസവും പ്രോത്സാഹിപ്പിക്കാൻ സമഗ്രശിക്ഷാ കേരളത്തിന്റെ നേതൃത്വത്തിൽ പാളയംകുന്ന് ഗവ.ഹയർസെക്കൻഡറി സ്‌കൂളിൽ നിർമ്മിച്ച ടിങ്കറിംഗ് ലാബിന്റെ ഉദ്ഘാടനം സ്പീക്കർ എ.എൻ.ഷംസീർ നിർവഹിച്ചു.
വി. ജോയി എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ജില്ലാപഞ്ചായത്ത് അംഗം ഗീതാനസീർ,വർക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സ്മിത സുന്ദരേശൻ, ജി.എസ്.സുനിൽ തുടങ്ങിയവർ സംസാരിച്ചു.
ശാസ്ത്രം, സാങ്കേതികവിദ്യ, എൻജിനീയറിംഗ്, ഗണിതം തുടങ്ങിയ വിഷയങ്ങളിൽ കൂടുതൽ അറിവ് നേടാനും ആധുനിക ഉപകരണങ്ങളും സാങ്കേതികവിദ്യയും പരിചയപ്പെടാനും വിദ്യാർത്ഥികൾക്ക് ഇതിലൂടെ അവസരം ലഭിക്കും.
റോബോട്ടിക്‌സ്, റാപ്പിഡ് പ്രോട്ടോടൈപ്പിംഗ്, ഇലക്ട്രോണിക്‌സ്, ഇലക്ട്രിക്കൽ, ഇൻസ്ട്രുമെന്റേഷൻ തുടങ്ങിയ മേഖലകളിലെ നൂറുകണക്കിന് ഉപകരണങ്ങളും ലാബിൽ സജ്ജീകരിച്ചിട്ടുണ്ട്. പത്ത് ലക്ഷം രൂപയാണ് പദ്ധതി ചെലവ്. ആറുമുതൽ പന്ത്രണ്ടാം ക്ലാസുവരെയുള്ള കുട്ടികളിൽ നിന്നും തിരഞ്ഞെടുത്ത 40 പേർക്കാണ് ടിങ്കറിംഗ് ലാബിൽ ആദ്യ ഘട്ടത്തിൽ പരിശീലനം നൽകുന്നത്. എസ്.എൽ.സി, പ്ലസ്ടു പരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള പുരസ്കാരവും ചടങ്ങിൽ സ്പീക്കർ വിതരണം ചെയ്തു.