ഹർജി നൽകിയത് പ്രോസിക്യൂഷൻ
തിരുവനന്തപുരം: സ്‌പിരിറ്റ് ചേർത്ത് വ്യാജ കള്ളുണ്ടാക്കാൻ കൂട്ട് നിന്നില്ലെന്നതിന്റെ പേരിൽ കള്ളുഷാപ്പ് ജീവനക്കാരനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നെടുമങ്ങാട് പൊലീസ് പ്രതിയാക്കാതിരുന്നവരെ കോടതി പ്രതിയാക്കി. ആറാം അഡിഷണൽ ജില്ലാ സെഷൻസ് കോടതി ജഡ്‌ജി കെ. വിഷ്‌ണുവാണ് നെട്ടറക്കോണം സ്വദേശി ഷിബു, ആര്യനാട് സ്വദേശി അജയൻ എന്നിവരെ പ്രതികളാക്കിയത്.
ഇരുവരോടും നവംബർ 10ന് വിചാരണയ്ക്ക് ഹാജരാകാനും നിർദ്ദേശിച്ചു. കേസ് വിചാരണ ആരംഭിച്ചപ്പോൾ പ്രതികളുടെ ആക്രമണത്തിൽ വലതുകൈയിലെ വിരലുകളും ഇരു കാൽപാദവും അറ്റുപോയ ആനാട് സ്വദേശി ലാലു എന്ന ബാലചന്ദ്രൻ തന്നെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച യഥാർത്ഥ പ്രതികളെ പൊലീസ് സ്വാധീനത്തിന് വഴങ്ങി പ്രതിയാക്കിയില്ലെന്ന് കോടതിയോട് പരാതിപ്പെടുകയായിരുന്നു.
വിചാരണ നിറുത്തിവച്ച് സർക്കാർ അഭിഭാഷകനോട് കോടതി വിശദീകരണം ചോദിച്ചു. ഇരയുടെ മൊഴിയിലും കീഴ് ഉദ്യോഗസ്ഥൻ മേലുദ്യോഗസ്ഥന് നൽകിയ റിപ്പോർട്ടിലും യഥാർത്ഥ പ്രതികളുടെ പേര് ഉണ്ടെങ്കിലും പൊലീസ് അവരെ പ്രതിയാക്കിയിട്ടില്ലെന്ന് പ്രോസിക്യൂട്ടർ കോടതിയെ അറിയിച്ചു. പൊലീസ് പ്രതിയാക്കാത്തവരെ പ്രതിയാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി നൽകുന്ന കാര്യവും പ്രോസിക്യൂട്ടർ കോടതിയെ ധരിപ്പിച്ചു.
2008 ഏപ്രിൽ 15നാണ് നെട്ടറക്കോണം ഷിബുവിന്റെയും ആര്യനാട് അജയന്റെയും മേൽനോട്ടത്തിലുള്ള കള്ളുഷാപ്പിലെ ജീവനക്കാരനായ ബാലചന്ദ്രനെ ഇരുവരും കൂട്ടാളികളും ചേർന്ന് വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചത്. സർക്കാരിനുവേണ്ടി അഡിഷണൽ പബ്ളിക് പ്രോസിക്യൂട്ടർ എം. സലാഹുദ്ദീൻ ഹാജരായി.