
തിരുവനന്തപുരം: പുതിയ വൈസ്ചാൻസലറെ തിരഞ്ഞെടുക്കാനുള്ള സെർച്ച് കമ്മിറ്റിയിലേക്ക് പ്രതിനിധിയെ നിശ്ചയിക്കാൻ നവംബർ 5ന് സെനറ്റ് യോഗം ചേരുമെന്ന് മന്ത്രി ആർ.ബിന്ദു പ്രഖ്യാപിച്ചിരിക്കെ, ഇന്ന് യോഗം വിളിച്ച് വി.സി.
ഇന്ന് ചേരുന്നത് മൂന്നു മാസത്തിലൊരിക്കൽ ചേരുന്ന സാധാരണ സെനറ്റ് യോഗമാണ്. നേരത്തേ നിശ്ചയിച്ച അജൻഡ യോഗത്തിലുണ്ടാവും. ഒക്ടോബർ ഒന്നിന്റെ തിയതി വച്ച് രജിസ്ട്രാർ സെനറ്റിനുള്ള നോട്ടീസ് കഴിഞ്ഞദിവസം പുറത്തിറക്കി.
നവംബർ 5ന് യോഗം ചേരുമെന്ന് മന്ത്രി ആർ.ബിന്ദു പ്രഖ്യാപിച്ചെങ്കിലും വി.സി അംഗങ്ങൾക്ക് അറിയിപ്പ് നൽകിയിട്ടില്ല. സെനറ്റ് വിളിക്കാൻ വൈസ്ചാൻസലർക്കേ അധികാരമുള്ളൂ. നാലിലൊന്ന് അംഗങ്ങൾ ആവശ്യപ്പെട്ടാൽ ഒരു മാസത്തിനകം സെനറ്റ് വിളിക്കാം. ഇതുപ്രകാരമാണ് 5ന് യോഗം ചേരുന്നതെന്നാണ് നേരത്തേ സർക്കാർ വിശദീകരിച്ചത്.
ഇന്നത്തെ യോഗത്തിൽ സെനറ്റിന്റെ പ്രതിനിധിയെ നിശ്ചയിക്കുമോയെന്ന് വ്യക്തമല്ല.അതിനിടെ, സെർച്ച് കമ്മിറ്റിയുടെ കാലാവധി മൂന്നു മാസത്തേക്ക് ഗവർണർ നീട്ടിയിട്ടുണ്ട്.