cpi

കേരളത്തിൽ നിന്ന് ദേശീയ കൗൺസിലിൽ 7 പുതുമുഖങ്ങൾ

പി. സന്തോഷ് ദേശീയ എക്സിക്യൂട്ടീവിലും കൗൺസിലിലും

വിജയവാഡ (ആന്ധ്ര): സി.പി.ഐ ജനറൽ സെക്രട്ടറിയായി തമിഴ്നാട്ടുകാരനും ദളിത് മുഖവുമായ ദൊരൈ സ്വാമി രാജയെ (73) 24ാം പാർട്ടി കോൺഗ്രസ് ഏകകണ്ഠമായി തിരഞ്ഞെടുത്തു.

125 അംഗ ദേശീയ കൗൺസിലിനെയും 30 അംഗ ദേശീയ എക്സിക്യൂട്ടീവിനെയും 11 അംഗ ദേശീയ സെക്രട്ടേറിയറ്റിനെയും തിരഞ്ഞെടുത്തു. കേരളത്തിൽ നിന്ന് ദേശീയ കൗൺസിലിൽ 11 അംഗങ്ങളുണ്ടായിരുന്നത് 12 ആയി.

കെ. പ്രകാശ്ബാബുവും രാജ്യസഭാംഗം പി. സന്തോഷും ദേശീയ എക്സിക്യൂട്ടീവിലെത്തി. അഖിലേന്ത്യാസെന്റർ ക്വോട്ടയിൽ ആദ്യമായി ദേശീയകൗൺസിലിൽ എത്തിയ പി. സന്തോഷ് ഒറ്റയടിക്ക് ദേശീയ എക്സിക്യൂട്ടീവിലേക്കും ഉയർത്തപ്പെട്ടു. മന്ത്രിമാരായ കെ. രാജൻ, പി. പ്രസാദ്, ജി.ആർ. അനിൽ, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, രാജാജി മാത്യു തോമസ്, പി.പി. സുനീർ എന്നിവരും കേരളത്തിൽ നിന്ന് ദേശീയകൗൺസിലിൽ എത്തിയ പുതുമുഖങ്ങളാണ്. നേരത്തേ അംഗമായ ജെ. ചിഞ്ചുറാണി ഉൾപ്പെടെ നാല് മന്ത്രിമാരും ദേശീയകൗൺസിലിൽ അംഗങ്ങളായി.
75 വയസ്സ് പ്രായപരിധി നിബന്ധനയിൽ കെ.ഇ. ഇസ്മായിലും പന്ന്യൻ രവീന്ദ്രനും ഒഴിവായി.