a

തിരുവനന്തപുരം: പീഡനക്കേസിലെ ഇരയെ കഴിഞ്ഞമാസം കോവളത്ത് മർദ്ദനത്തിനിരയാക്കിയ സംഭവത്തിൽ എം.എൽ.എ എൽദോസ് കുന്നപ്പിളളിക്കെതിരെ ജില്ലാ ക്രൈംബ്രാഞ്ച് വധശ്രമം കൂടി ചുമത്തി. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചെന്നാരോപിച്ച് ഐ.പി.സി 307 വകുപ്പ് കൂടി ചുമത്തി.തട്ടിക്കൊണ്ടുപോകൽ,​സ്ത്രീത്വത്തെ അപമാനിക്കൽ,​ഗൂഢാലോചന എന്നിവ ഉൾപ്പെടുത്തി നേരത്തെയെടുത്തിരുന്ന കേസിൽ അന്വേഷണം തുടരുന്നതിനിടെയാണ് വധശ്രമം കൂടി ചുമത്തി കേസ് കടുപ്പിച്ചത്.

അദ്ധ്യാപികയെ പീഡിപ്പിച്ചതായി പറയപ്പെടുന്ന ഗസ്റ്റ് ഹൗസിലും റിസോർട്ടുകളിലുമെല്ലാം റൂം ബുക്ക് ചെയ്തിരിക്കുന്നത് എം.എൽ.എയുടെ സ്വന്തം പേരിലാണ്.ഇതിനായി നൽകിയ തിരിച്ചറിയൽ രേഖകളുടെ കോപ്പികൾ തെളിവായി ശേഖരിച്ചു.ഇക്കഴിഞ്ഞ ജൂലൈ 4മുതൽ സെപ്തംബർ 15 വരെ എൽദോസ് വിവിധ സ്ഥലങ്ങളിൽ റൂമെടുത്ത് പീഡനത്തിനിരയാക്കിയതായാണ് യുവതി പരാതിയിൽ ഉന്നയിച്ചിരിക്കുന്നത്.ഒരുമിച്ച് താമസിച്ചിരുന്ന സ്ഥലങ്ങളിലാണ് ഇപ്പോൾ ക്രൈംബ്രാഞ്ച് പരിശോധന നടത്തുന്നത്.കോവളത്തെ ഗസ്റ്റ് ഹൗസിലെ കാമറ ചിത്രീകരിച്ചതും മാഞ്ഞുപോയതുമായ ദൃശ്യങ്ങൾ വീണ്ടെടുക്കാനായി ഹാർഡ് ഡിസ്കും പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്.കോവളത്തെ സൂയിസൈഡ് പോയിന്റിലും യുവതിയുമായെത്തി ക്രൈംബ്രാഞ്ച് സംഘം തെളിവുകൾ ശേഖരിച്ചു.ബലാൽസംഘമുൾപ്പെടെയുള്ള കേസുകളിൽ പ്രതിയായ എം.എൽ.എയുടെ അറസ്റ്റ് അസാദ്ധ്യമായിരിക്കെ കീഴടങ്ങാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ എം.എൽ.എയെ കണ്ടെത്താൻ ലുക്ക് ഔട്ട് നോട്ടീസ് പ്രസിദ്ധപ്പെടുത്താൻ അന്വേഷണസംഘം ആലോചിക്കുന്നുണ്ട്. ജാമ്യാപേക്ഷയിൽ 20ന് കോടതി തീരുമാനം അറിയിച്ചശേഷം ഇതിൽ നടപടിയെടുക്കും.

കഴിഞ്ഞദിവസം യുവതിയുടെ വീട്ടിൽ നിന്ന് കണ്ടെത്തിയ എം.എൽ.എയുടെ ടീഷർട്ടും പീഡന സമയത്ത് ധരിച്ചിരുന്നതും കൈയ്യേറ്റത്തിനിടെ എം.എൽ.എ വലിച്ചുകീറിയതുമായ യുവതിയുടെ വസ്ത്രങ്ങളും പൊലീസ് കോടതി മുഖാന്തിരം ഫോറൻസിക് പരിശോധനയ്ക്ക് കൈമാറി.

ഓൺലൈൻ മാദ്ധ്യമങ്ങൾക്കെതിരെ സിറ്റി പൊലീസ് കമ്മിഷണർക്ക് യുവതി സമർപ്പിച്ച പരാതിയിൽ സൈബർ പൊലീസ് ഇന്നലെ യുവതിയുടെ മൊഴി രേഖപ്പെടുത്തി കേസ് രജിസ്റ്റർ ചെയ്തു.നാളെയാണ് എം.എൽ.എയുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി പരിഗണിക്കുക.