pic1

നാഗർകോവിൽ: സഹപാഠി നൽകിയ ശീതളപാനീയം കുടിച്ച് ആറാം ക്ലാസുകാരൻ അശ്വിൻ മരിച്ച സംഭവത്തിൽ ദുരൂഹതയുള്ളതിനാൽ കേസ് തമിഴ്‍നാട് ഡി.ജി.പി, സി.ബി.സി.ഐ.ഡിക്ക് കൈമാറി. കളിയിക്കാവിള മെതുകുമ്മൽ സ്വദേശി സുനിൽ - സോഫിയ ദമ്പതികളുടെ മകനാണ് അശ്വിൻ. അതിനിടെ, പൊലീസിനെതിരെ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധപ്രകടനം നടത്തി. ഇന്നലെ വൈകുന്നേരം അതൻകോട് ജംഗ്ഷനിലായിരുന്നു പ്രതിഷേധം.പൊലീസ് ഉദ്യോഗസ്ഥർ ശീതളപാനീയം നൽകിയ കുട്ടിയെ അറസ്റ്റുചെയ്യാതെ സ്കൂളിന് സുരക്ഷ നൽകുന്നുവെന്നാരോപിച്ചായിരുന്നു സമരം. തുടർന്ന് കുളച്ചൽ ഡിവൈ.എസ്.പി തങ്കരാമൻ സമരക്കാരോട് സംസാരിച്ച് പ്രതിഷേധം അവസാനിപ്പിച്ചു. അതൻകോട്ടെ സ്വകാര്യ സ്‌കൂളിലാണ് അശ്വിൻ പഠിച്ചിരുന്നത്. കഴിഞ്ഞ 24ന് പരീക്ഷ കഴിഞ്ഞു വീട്ടിലേക്ക് മടങ്ങവെ മറ്റൊരു വിദ്യാർത്ഥി നൽകിയ ശീതളപാനീയം കുടിക്കുകയായിരുന്നു. മൃതദേഹം ഇന്നലെ നെയ്യാറ്റിൻകരയിൽ നിന്ന് നാഗർകോവിൽ ആശാരിപ്പള്ളം മെഡിക്കൽ കോളേജ് ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. മകന്റെ മരണത്തിനു പിന്നിലുള്ളവരെ അറസ്റ്റ് ചെയ്യാതെ മൃതദേഹം വാങ്ങില്ലെന്ന് കുട്ടിയുടെ അച്ഛൻ മാധ്യമങ്ങളോട് പറഞ്ഞു.