
ചെന്നൈ: തൂത്തുക്കുടി വെടിവയ്പ് കേസിൽ ജില്ലാഭരണകൂടത്തിനും പൊലീസ് ഉദ്യോഗസ്ഥർക്കും വീഴ്ച പറ്റിയെന്നും കളക്ടർക്കും മൂന്ന് റവന്യു ഉദ്യോഗസ്ഥർക്കുമെതിരെ വകുപ്പുതല നടപടി വേണമെന്ന് ആവശ്യപ്പെടുന്ന ജസ്റ്റിസ് അരുണ ജഗദീശൻ കമ്മിഷൻ റിപ്പോർട്ട് തമിഴ്നാട് സർക്കാർ നിയമസഭയിൽ വച്ചു. പൊലീസ് ഉദ്യോഗസ്ഥരുടെ വീഴ്ചയാണ് വെടിവയ്‌പിലേക്ക് നയിച്ചത്.
സംഭവത്തിലുൾപ്പെട്ട 17 പൊലീസുകാർക്കെതിരെ നടപടിയെടുക്കണമെന്നും കമ്മിഷൻ സർക്കാരിനോട് ആവശ്യപ്പെട്ടു. വെടിവയ്‌പിൽ മരിച്ചവരുടെ ആശ്രിതർക്ക് 50 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകാനും ശുപാർശയുണ്ട്. 2018ൽ മേയ് 22ന് തൂത്തുക്കുടിയിലെ സ്റ്റെർലൈറ്റ് ചെമ്പു ശുദ്ധീകരണശാല പൂട്ടണമെന്ന് ആവശ്യപ്പെട്ടു നടന്ന പ്രക്ഷോഭത്തിനുനേരെയുണ്ടായ പൊലീസ് വെടിവയ്‌പിൽ 13 പേരാണ് കൊല്ലപ്പെട്ടത്. ഒട്ടേറെ പേർക്ക് ഗുരുതരപരിക്കേറ്റിരുന്നു.
സ്റ്റാലിൻ സർക്കാർ അധികാരത്തിലെത്തിയ ശേഷം കൊല്ലപ്പെട്ടവരുടേയും ഗുരുതരമായി പരിക്കേറ്റവരുടേയും ബന്ധുക്കൾക്ക് വിദ്യാഭ്യാസ യോഗ്യത അനുസരിച്ച് വിവിധ സർക്കാർ സ്ഥാപനങ്ങളിൽ ജോലി നൽകിയിരുന്നു. മുഖ്യമന്ത്രി നേരിട്ടാണ് ഉത്തരവ് കൈമാറിയത്. തൂത്തുകുടി ജില്ലയിലെ റവന്യു, ഗ്രാമീണ വികസന വകുപ്പുകളിലാണ് എല്ലാവർക്കും നിയമനം. 16 പേരെ ജൂനിയർ അസിസ്റ്റന്റ് തസ്തികയിലേക്കും ഒരാളെ ഡ്രൈവർ പോസ്റ്റിലേക്കും നിയമിച്ചു.