
തിരുവനന്തപുരം: കൊവിഡ് വ്യാപനത്തോടനുബന്ധിച്ച് ശബരിമലയിൽ ഏർപ്പെടിത്തിയിരുന്ന നിയന്ത്രണങ്ങൾ ഒഴിവാക്കും. മണ്ഡല മകരവിളക്ക് തീർത്ഥാടനത്തോടനുബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്ത അവലോകന യോഗത്തിലാണ് തീരുമാനമായത്. വെർച്വൽ ക്യൂ വഴി ബുക്കുചെയ്ത് വരുന്ന ഭക്തരുടെ എണ്ണം നിജപ്പെടുത്തില്ല. മാസ്‌കും കൊവിഡ് സർട്ടിഫിക്കറ്റും നിർബന്ധമെന്ന നിബന്ധന ഒഴിവാക്കി. തീരുമാനം ആവശ്യം വന്നാൽ പുനഃപരിശോധിക്കും. സന്നിധാനത്ത് ഭക്തർക്ക് താമസിക്കുന്നതിന് എല്ലാ മുറികളും തുറന്നു നൽകും. വിരിവയ്ക്കുന്നതിന് വലിയ നടപ്പന്തൽ, മാളികപ്പുറം എന്നിവിടങ്ങളിലെ നടപ്പന്തലുകൾക്ക് പുറമേ ഒൻപത് വിരി ഷെഡുകൾ സജ്ജമാക്കും. ദേവസ്വം ബോർഡിന്റെ ലേല നടപടികൾ ആരംഭിച്ചിട്ടുണ്ട്. ഒരുക്കങ്ങൾ നവംബർ 10നകം പൂർത്തിയാക്കും. 12 കേന്ദ്രങ്ങളിൽ സ്പോട്ട് ബുക്കിങ്ങിന് സൗകര്യമുണ്ടാകും. കാനനപാതകളടക്കം തീർത്ഥാടനപാതയിലെ എല്ലാ പ്രധാന കേന്ദ്രങ്ങളിലും താത്കാലിക ടോയ്‌ലെറ്റുകളും വിരി ഷെഡുകളും സ്ഥാപിക്കും. കനത്ത മഴയ്ക്കുള്ള സാദ്ധ്യതയുള്ളതിനാൽ അപകട സാദ്ധ്യതാ മേഖലകളിൽ പ്രത്യേക മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കും. അപകടാവസ്ഥയിലുള്ള മരങ്ങൾ 29ന് മുൻപ് മുറിച്ചുമാറ്റും. പമ്പയിലും സന്നിധാനത്തും വനം വകുപ്പിന്റെ പ്രത്യേക കൺട്രോൾ റൂം സ്ഥാപിക്കും. വന്യമൃഗ സാന്നിദ്ധ്യം അറിയാൻ കാമറകൾ സ്ഥാപിക്കും. ശുദ്ധജല ലഭ്യതയ്ക്കു പ്രത്യേക കിയോസ്‌കുകളുണ്ടാകും. തീർത്ഥാടന പാതയിൽ 200 പുതിയ ടാപ്പുകളും സജ്ജമാക്കും. ജലനിലവാരം ഉറപ്പാക്കാൻ താത്കാലിക ലാബ് സ്ഥാപിക്കും. 500 ബസുകൾ ശബരമല സ്‌പെഷ്യൽ സർവീസ് നടത്തും. 200 ബസുകൾ ചെയിൻ സർവീസിനും 277 ബസുകൾ ദീർഘദൂര സർവീസിനും ഉപയോഗിക്കും. മകരവിളക്ക് ദിവസം 1000 ബസുകൾ സർവീസ് നടത്തും. ഫയർ ഫോഴ്സിന്റെ സേവനം 24 മണിക്കൂറും ലഭ്യമാക്കും. സ്‌കൂബ ഡൈവേഴ്സിന്റെ സേവനവുമുണ്ടാകും. എക്‌സൈസ്, പൊലീസ്, ഫോറസ്റ്റ് എന്നിവരുടെ സംയുക്ത പരിശോധനയുണ്ടാകും മുഖ്യമന്ത്രിയുടെ കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ മന്ത്രിമാരായ കെ. രാധാകൃഷ്ണൻ, പി.എ. മുഹമ്മദ് റിയാസ്, ആന്റണി രാജു, റോഷി അഗസ്റ്റിൻ, തിരുവിതാകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപൻ തുടങ്ങിയവർ പങ്കെടുത്തു.