വിജയവാഡ (ആന്ധ്ര): കേരളത്തിലെ ഔദ്യോഗിക നേതൃത്വത്തിന്റെ സമ്പൂർണ്ണ ആധിപത്യം ദേശീയ നേതൃത്വത്തിലടക്കം അരക്കിട്ടുറപ്പിച്ചാണ് സി.പി.ഐയുടെ 24ാം പാർട്ടി കോൺഗ്രസ് പൂർത്തിയാവുന്നത്.
കേരളത്തിൽ നിന്ന് ദേശീയ കൗൺസിലിൽ എത്തിയ പുതുമുഖങ്ങളിൽ ഭൂരിഭാഗവും ഔദ്യോഗിക ചേരിയുടെ വിശ്വസ്തർ. ജനറൽ സെക്രട്ടറി ഡി. രാജയുടെ പ്രവർത്തന ശൈലിയോട് പ്രതിപത്തി പോരെങ്കിലും ഇന്നത്തെ സവിശേഷ രാഷ്ട്രീയാവസ്ഥയിൽ രാജ തുടരട്ടെയെന്ന് കേരളഘടകവും ആഗ്രഹിച്ചിരുന്നു. അതിനാലാണ് എതിർപ്പോ അസ്വാരസ്യങ്ങളോ ഇല്ലാതെ രണ്ടാം വരവ് രാജയ്ക്ക് സാദ്ധ്യമാക്കിയത്.
ദേശീയ കൗൺസിലിലേക്ക് സംസ്ഥാനത്ത് നിന്ന് പരിഗണിക്കേണ്ട പേരുകൾ പാനലായി കേരള പ്രതിനിധികളുടെ ഗ്രൂപ്പ് യോഗത്തിൽ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അവതരിപ്പിച്ചപ്പോൾ അപ്രതീക്ഷിതമായാണ് വി.എസ്. സുനിൽകുമാറിന്റെ പേരുയർന്നത്. സംസ്ഥാനത്ത് നടന്ന സമ്മേളനങ്ങളിലുയർന്ന തർക്കങ്ങളുടെയും മത്സരത്തിന്റെയും പ്രതീതിയുണർത്തുന്നുവെന്ന് തോന്നിച്ചെങ്കിലും ഒന്നുമുണ്ടായില്ല. ഗ്രൂപ്പ് യോഗത്തിൽ പാനൽ അവതരിപ്പിച്ചതിന് പിന്നാലെ തൃശൂരിൽ നിന്നുള്ള സംസ്ഥാന കൗൺസിൽ അംഗം ടി.ആർ. രമേഷ് കുമാർ സുനിലിന്റെ പേര് നിർദ്ദേശിച്ചു. ഗ്രൂപ്പ് യോഗം നിയന്ത്രിച്ച കെ.ഇ. ഇസ്മായിൽ സുനിലിനോട് അഭിപ്രായമാരാഞ്ഞു. ഔദ്യോഗിക പാനൽ അംഗീകരിക്കുന്നുവെന്ന് പറഞ്ഞ് മത്സരത്തിനൊരുമ്പെടാതെ സുനിൽകുമാർ നാടകീയമായി പിൻവാങ്ങി. രാവിലെ ഗ്രൂപ്പ് യോഗത്തിന് മുന്നോടിയായി നിലവിലെ ദേശീയകൗൺസിൽ അംഗങ്ങൾ യോഗം ചേർന്നാണ് പാനൽ തയാറാക്കിയത്.
കെ.ഇ. ഇസ്മായിൽ പക്ഷത്ത് ഉറച്ചുനിൽക്കുന്ന അപൂർവ്വം നേതാക്കളിലൊരാളാണ് സുനിൽകുമാർ എന്നതിനാലാണ് അർഹതയുണ്ടായിട്ടും ദേശീയ കൗൺസിലിലേക്ക് പരിഗണിക്കപ്പെടാതിരുന്നതെന്ന് ഇസ്മായിൽ പക്ഷം കരുതുന്നു. പ്രായ നിബന്ധനയിൽ ഇസ്മായിൽ ദേശീയ നിർവാഹകസമിതിയിലും കൗൺസിലിലും നിന്നുമടക്കം ഒഴിവാക്കപ്പെട്ടതോടെ ആ പക്ഷം തന്നെ നിഷ്പ്രഭമാകുന്നതാണ് വിജയവാഡ പാർട്ടി കോൺഗ്രസിൽ കണ്ടത്.
2018ൽ മന്ത്രിയാണെന്ന കാരണത്താൽ സംസ്ഥാന നിർവാഹകസമിതിയിൽ നിന്ന് സുനിൽകുമാർ ഒഴിവാക്കപ്പെട്ടെങ്കിൽ ഇന്നിപ്പോൾ മന്ത്രിമാരെല്ലാവരും ദേശീയ കൗൺസിലിലേക്കുയർത്തപ്പെട്ടെന്ന വൈരുദ്ധ്യവുമുണ്ട്. നേതൃനിരയിൽ ഇസ്മായിൽ ഇല്ലാത്ത കാലം കേരള സി.പി.ഐയിലുണ്ടാക്കാൻ പോകുന്ന മാറ്റം കാത്തിരുന്ന് കാണണം.